തിരുവനന്തപുരം: സംസ്ഥാനത്ത് ജനപ്രിയ മദ്യം കിട്ടാനില്ല. സ്റ്റോക്കുള്ളവയാകട്ടെ വിലകൂടിയ മദ്യം മാത്രം. മദ്യത്തിന്റെ ലഭ്യത കുറഞ്ഞാൽ ഉപഭോക്താക്കൾ മറ്റു വഴിതേടിയേക്കുമെന്ന മുന്നറിയിപ്പുമായി എക്സൈസ്.
നികുതിപ്രശ്നവുമായി ബന്ധപ്പെട്ട് ഡിസ്റ്റിലറികൾ ഉത്പാദനം നിർത്തിയതോടെ ബിവറേജസ് ഷോപ്പുകളിൽ മദ്യലഭ്യത വലിയതോതിൽ കുറഞ്ഞിരിക്കുകയാണ്. നാലുലക്ഷം കെയ്സ് മദ്യമാണ് നിലവിൽ ഗോഡൗണുകളിലുള്ളത്. ഇതിൽ ഭൂരിഭാഗവും കൂടിയ വിലയുള്ള മദ്യങ്ങളാണ്.
ഒരാഴ്ച കൂടി വിൽപ്പന നടത്താനുള്ള മദ്യശേഖരം മാത്രമേ ബിവറേജസ് കോർപ്പറേഷന്റെ ഗോഡൗണിൽ ശേഷിക്കുന്നുള്ളൂ. മദ്യത്തിന്റെ സ്റ്റോക്ക് കുറഞ്ഞതോടെ വിൽപ്പനയിലും വലിയ കുറവുണ്ടായി. പ്രതിദിനം 25 കോടി രൂപയ്ക്ക് മേൽ വിൽപ്പനയുണ്ടായിരുന്നിടത്ത് നിലവിൽ വിൽപ്പന 17 കോടിക്കും താഴെയായി.
മദ്യത്തിന്റെ ലഭ്യതക്കുറവ് വേഗത്തിൽ പരിഹരിക്കുമെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. പ്രശ്നം സർക്കാരിന്റെ പരിഗണനയിലാണ്. ഡിസ്റ്റിലറികളിൽ നിർമാണം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി പറഞ്ഞു.
വലിയ തോതിൽ മദ്യലഭ്യത കുറഞ്ഞതോടെ സ്ഥിരം ഉപഭോക്താക്കളിൽ പലരും മറ്റ് വഴി തേടുമെന്നാണ് എക്സൈസ് ഇന്റലിജൻസിന്റെ മുന്നറിയിപ്പ്. ഇത് വ്യാജമദ്യ ദുരന്തത്തിന് സാധ്യത കൂട്ടുന്നുവെന്നും മുന്നറിയിപ്പിലുണ്ട്.