തളിപ്പറമ്പ്: ബൈക്കില്‍ ആവശ്യക്കാര്‍ക്ക് മദ്യം എത്തിച്ചുനല്‍കുന്ന സംഘത്തിലെ മുഖ്യകണ്ണിയെ തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി. മധുസൂദനനും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ശ്രീകണ്ഠാപുരം റെയ്ഞ്ചിലെ ചെമ്പേരി നെല്ലിക്കുറ്റി ഭാഗത്ത് നടത്തിയ റെയ്ഡിലാണ് നെല്ലിക്കുറ്റിയിലെ പാലോലില്‍ റോയി കുര്യനെ (44) കെഎല്‍ 59 എ 7910 ഹീറോ ഹോണ്ട പാഷന്‍പ്ലസ് ബൈക്ക് സഹിതം പിടികൂടിയത്.
12 ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തു. മദ്യവില്പന കുറ്റത്തിന് 55 (ഐ)വകുപ്പ് പ്രകാരം കേസെടുത്തു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ എ.അസീസ്, സിഇഒ വി. മനോജ്, ഡ്രൈവര്‍ കെ.വി.പുരുഷോത്തമന് എന്നിവരും പങ്കെടുത്തു. മുമ്പും ഇയാള്‍ അളവില്‍ കൂടുതല്‍ വിദേശമദ്യം കൈവശം വെച്ചതിന് തളിപ്പറമ്പ് എക്സൈസിന്റെ പിടിയിലായിട്ടുണ്ട്.
ചെമ്പേരി, നെല്ലിക്കുറ്റി, പൂപ്പറമ്പ് ഭാഗങ്ങളില്‍ ആവശ്യക്കാര്‍ക്ക് എപ്പോള്‍ വിളിച്ചാലും മദ്യം ഇയാള്‍ ബൈക്കില്‍ എത്തിച്ചു കൊടുക്കും. ഇയാളുടെ കോഴിക്കട കേന്ദ്രീകരിച്ചാണ് ആദ്യം മദ്യവില്പന നടത്തിയിരുന്നത്. പിന്നെ നിരന്തരമായി എക്സൈസും പോലീസും പരിശോധന നടത്തുന്നത് കാരണം ടൗണില്‍ നിന്നും മാറി കാട്ടിലാണ് മദ്യം സൂക്ഷിച്ചിരുന്നത്.
ഇയാള്‍ക്ക് വില്പനയ്ക്കായി മദ്യം എത്തിച്ചുകൊടുക്കാന്‍ ഇയാള്‍ തന്നെ കൂലിക്കായി ആളുകളെ നിര്‍ത്തിയിട്ടുണ്ടെന്ന് എക്സൈസ് പറഞ്ഞു. ആവശ്യക്കാരായി വേഷംമാറിയെത്തി എക്സൈസിന്റെ തന്ത്രപരമായ നീക്കത്തിലൂടെയാണ് ഇയാളെ പിടികൂടാനായത്. പ്രതിയെ ഇന്ന് തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.