ചാലക്കുടി: സൗത്ത് ജംഗ്ഷനിലെ മേൽപാലത്തിനു താഴെ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം. മദ്യപിച്ച് ലക്കുകെട്ട സാമൂഹ്യവിരുദ്ധർ ഇവിടെ അഴിഞ്ഞാടുകയാണ്. കഴിഞ്ഞ രാത്രി ഇവരുടെ സംഘത്തിൽപ്പെട്ട ഒരു സ്ത്രീയെ തീവെച്ച് കൊല്ലാൻ ശ്രമിച്ച സംഭവം നാട്ടുകാരെ ഭീതിയിലാഴ്ത്തി. മദ്യപിച്ച് ലക്കുകെട്ട് കിടന്നിരുന്ന സ്ത്രീയുടെ ചുറ്റും തുണികൾ കൂട്ടിയിട്ട് തീകൊളുത്തി. സ്ത്രീക്കു ചുറ്റും തീകത്തുന്നത് കണ്ട നാട്ടുകാർ ഫയർഫോഴ്സിനെയും പോലീസിനെയും വിവരം അറിയിച്ചു.
ഫയർഫോഴ്സ് എത്തി തീ അണച്ചശേഷം സ്ത്രീയെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെട്ടെന്ന് തീ അണച്ചതിനാൽ സ്ത്രീ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. സാമൂഹ്യവിരുദ്ധരുടെ സംഘത്തിലെ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
വർഷങ്ങളായി സൗത്ത് ജംഗ്്ഷനിൽ തന്പടിച്ചിരിക്കുന്ന ഈ സംഘത്തെ ഇവിടെ തുരത്താൻ പോലീസ് പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും നടക്കുന്നില്ല.
ഇവിടെനിന്നും ഇവരെ പോലീസ് ഓടിച്ചുവിട്ടാലും അടുത്ത ദിവസം തന്നെ ഇവർ ഇവിടെ തിരിച്ചെത്തും. കഞ്ചാവിന്റെയും മദ്യത്തിന്റെയും അടിമകളായ ഇവരിൽ പോക്കറ്റടിക്കാരും മോഷ്ടാക്കളുമുണ്ട്. ജയിലിൽ നിന്നും പുറത്തുവരുന്ന കുപ്രസിദ്ധ മോഷ്ടാക്കൾ ഇവരുടെ കൂടെ തന്പടിക്കുന്നത് പതിവാണ്.
മദ്യപന്മാർക്ക് ബിവറേജിൽനിന്നും മദ്യകുപ്പികൾ വാങ്ങിക്കൊടുത്ത് കമ്മീഷൻ വാങ്ങുന്നവരും ഇവരുടെ സംഘത്തിലുണ്ട്. ടൗണിലെത്തുന്നവരെ പാട്ടിലാക്കി മദ്യപിച്ച് അബോധാവസ്ഥയിലാക്കി കൈവശമുള്ള പണം തട്ടുന്നതും പതിവായി മാറിയിരിക്കയാണ്. സാമൂഹ്യ വിരുദ്ധർക്കെതിരെ പോലീസ് നടപടിയെടുക്കാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധവുമുണ്ട്.