തിരുവനന്തപുരം: സുപ്രീംകോടതി വിധിയെത്തുടർന്നു സംസ്ഥാനത്തു ഇന്ന് മുതൽ 163 മദ്യവില്പനശാലകളും 19 ബാറുകളും മാത്രമാകും പ്രവർത്തിക്കുക. ആകെയുള്ള 30 ബാറുകളിൽ ദേശീയ- സംസ്ഥാന പാതയോരത്ത് അല്ലാതെ സ്ഥിതി ചെയ്യുന്ന 19 ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ബാറുകൾ മാത്രമാണു പ്രവർത്തിക്കുക.
കോടതി ഉത്തരവിനെത്തുടർന്നു ബിവറേജസ് കോർപറേഷന്റെ 134 ഔട്ട്ലെറ്റുകൾ താത്കാലികമായി അടച്ചുപൂട്ടേണ്ടിവരും. ഇവ മാറ്റി സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്തുന്നതുവരെ പൂട്ടിയിടേണ്ടിവരും. സംസ്ഥാനത്താകെ 272 ബിവറേജസ് ഔട്ട്ലെറ്റുകളാണുള്ളത്. ദേശീയ- സംസ്ഥാന പാതയോരത്തിന് 500 മീറ്റർ പരിധിക്കുള്ളിലെ മദ്യശാലകൾ മാറ്റിസ്ഥാപിക്കാൻ നിർദേശിച്ചതോടെ 180 ഔട്ട്ലെറ്റുകൾ മാറ്റാനുള്ള നടപടി തുടങ്ങി. ഇതിൽ 46 എണ്ണം മാറ്റി സ്ഥാപിച്ചു. ബാക്കി 134 എണ്ണം പുതിയ സ്ഥലം കണ്ടെത്തുന്നതു വരെ പൂട്ടിയിടേണ്ടിവരും. 138 എണ്ണമാകും തുറന്നു പ്രവർത്തിക്കുക.
മദ്യവില്പനശാലകളുടെയും ബാറുകളുടെയും പ്രവർത്തന ലൈസൻസ് താത്കാലികമായി സർക്കാർ നീട്ടി നൽകിയ സാഹചര്യത്തിൽ ഇവ പുതിയ സ്ഥലം കണ്ടെത്തി മാറ്റി സ്ഥാപിക്കാൻ കഴിയുമെന്നാണ് അധികൃതർ അറിയിക്കുന്നത്. കണ്സ്യൂമർ ഫെഡിന്റെ 15 ഔട്ട്ലെറ്റുകൾ താത്കാലികമായി പൂട്ടിയിടേണ്ടിവരും. 36 വിദേശമദ്യ ഔട്ട്ലെറ്റുകളും നാലു ബിയർ- വൈൻ പാർലറുകളുമാണു നിലവിലുള്ളത്. ഇതിൽ 25 മദ്യവില്പനശാലകൾ പ്രവർത്തിക്കും.
സംസ്ഥാനത്തെ 815 ബിയർ- വൈൻ പാർലറുകളിൽ 557 എണ്ണത്തിനു പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൂട്ടു വീഴും. 34 ക്ലബ്ബുകളിൽ 15 എണ്ണം അടച്ചുപൂട്ടണം.സംസ്ഥാനത്താകെ 5185 കള്ളുഷാപ്പുകളാണു പ്രവർത്തിക്കുന്നത്. ഇവയിൽ 1080 ഷാപ്പുകൾ ദേശീയ- സംസ്ഥാന പാതയുടെ 500 മീറ്ററിനുള്ളിലാണു പ്രവർത്തിക്കുന്നതെന്നാണു കണ്ടെത്തിയത്. അതിനാൽ ഇവയ്ക്കും ഇന്നോടെ പൂട്ടു വീഴും. 1080 കള്ളുഷാപ്പുകൾ സംസ്ഥാനത്തു കൂട്ടത്തോടെ പൂട്ടുന്നത് ഇതാദ്യമാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
വിദേശമദ്യവില്പനശാലകൾ മാറ്റി സ്ഥാപിക്കാനുള്ള സ്ഥലം വേഗത്തിൽ കണ്ടെത്താൻ ആവശ്യമായ നടപടി സ്വീകരിച്ചുവരികയാണെന്ന് ബിവറേജസ് കോർപറേഷൻ എംഡി അറിയിച്ചു. താത്കാലികമായി അടച്ചിടേണ്ടി വരുന്ന മദ്യവില്പനശാലകളിൽ സൂക്ഷിച്ചിട്ടുള്ള മദ്യം സീൽ ചെയ്തു മാറ്റി സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ എക്സൈസ് വകുപ്പും ബിവറേജസ് കോർപറേഷനും ചേർന്നു സ്വീകരിക്കും. ഇത് ഇന്നുതന്നെ തുടങ്ങും.
കോടതിവിധി ഇന്നുതന്നെ പ്രായോഗികതലത്തിലാകും. ഒന്നാം തീയതിയായ ഇന്നു മദ്യശാലകൾക്ക് അവധിയായതിനാൽ നാളെ മുതലാകും മദ്യവില്പനശാലകൾ അടച്ചിടുന്നതു പ്രായോഗിക തലത്തിൽ എത്തുന്നത്. ജനസംഖ്യ 20,000ത്തിൽ കുറവുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ദേശീയ- സംസ്ഥാന പാതകളിൽനിന്നുള്ള ദൂരപരിധി 220 ആയി കുറച്ചെങ്കിലും സംസ്ഥാനത്തെ ഇടുക്കി, വയനാട് ജില്ലകളിലെ ചില പഞ്ചായത്തുകളിൽ ഒഴികെ മറ്റൊരിടത്തും ഇതിന്റെ പ്രയോജനം ലഭിക്കില്ലെന്നാണ് അധികൃതർ പറയുന്നത്.