തിരുവനന്തപുരം: കോവളത്തു വിദേശിയെ തടഞ്ഞ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോർട്ട് തേടി. സംഭവത്തെക്കുറിച്ച് എത്രയും വേഗം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അദ്ദേഹം ഡിജിപി അനിൽകാന്തിനു നിർദേശം നൽകി.
ഇതേത്തുടർന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിസിപി നിർദേശം നൽകി. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർക്കാണ് നിർദേശം നൽകിയത്.
അതേസമയം, സംഭവത്തിൽ മന്ത്രി മുഹമ്മദ് റിയാസും ഇടപെട്ടു. മദ്യവുമായി വന്ന സ്വീഡിഷ് പൗരനെ പോലീസ് തടഞ്ഞ സംഭവം ദൗര്‍ഭാഗ്യകരമെന്നു മുഹമ്മദ് റിയാസ് പറഞ്ഞു. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ കാര്യമാണ് നടന്നത്. ബന്ധപ്പെട്ട വകുപ്പ് അന്വേഷിച്ചു നടപടി സ്വീകരിക്കും.
ടൂറിസ്റ്റുകളോടുള്ള പോലീസിന്റെ സമീപനത്തില്‍ മാറ്റം വരണം. ഇത്തരം സംഭവങ്ങള്‍ ടൂറിസം മേഖലയ്ക്കു തന്നെ തിരിച്ചടിയുണ്ടാകും. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം കോവളത്താണ് സംഭവം നടന്നത്. ബിവറേജിൽനിന്നു മദ്യവുമായി എത്തിയ സ്വീഡിഷ് പൗരനായ സ്റ്റീവിനെയാണ് പോലീസ് തടഞ്ഞത്.
ബില്ലില്ലാത്തതിനാൽ മദ്യം കൊണ്ടുപോകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ പോലീസ് തടഞ്ഞത്. ഇതോടെ സ്റ്റീവ് മദ്യം ഒഴുക്കിക്കളഞ്ഞു. പിന്നീട് ബിവറേജിൽ പോയി ബിൽ വാങ്ങി പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയും ചെയ്തു.
മദ്യം ഒഴുക്കിക്കളഞ്ഞിട്ടു പ്ലാസ്റ്റിക് കുപ്പികൾ അവിടെ ഉപേക്ഷിക്കാതെ തന്റെ ബാഗിൽ തിരികെ വച്ച സ്റ്റീഫന്റെ ഉത്തരവാദിത്വപൂർണമായ പെരുമാറ്റത്തെ നിരവധിപേർ അഭിനന്ദിച്ചിരുന്നു.