ചാലക്കുടി: കെഎസ്ആർടിസി റോഡിൽ ബാർ ഹോട്ടലിലെ കാലാവധി തീർന്ന മദ്യകുപ്പികൾ പൊട്ടിച്ച് കിണറിനു സമീപം കുഴികുഴിച്ച് മദ്യം ഒഴുക്കി കളഞ്ഞതിനെ തുടർന്ന് മലിനമായ കിണർ എക്സൈസ് അധികൃതർ വറ്റിച്ചു. കിണറിലെ വെള്ളത്തിന് മദ്യത്തിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നാണ് കിണർ വറ്റിച്ചത്.
ഹോട്ടലിനു സമീപം ഫ്ളാറ്റിൽ താമസിക്കുന്ന 18ഓളം കുടുംബങ്ങൾ ഉപയോഗിക്കുന്ന കിണറിനു സമീപമാണ് വിദേശമദ്യം ഒഴുക്കിയത്. പരിസരത്തെ കിണറുകളിലെ വെള്ളത്തിനും മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
ഫ്ളാറ്റിൽ താമസിക്കുന്നവർക്ക് എക്സൈസ് ടാങ്കറിൽ വെള്ളം എത്തിച്ചു കൊടുത്തു കൊണ്ടിരിക്കയാണ്. പുതിയ വാട്ടർ കണക്ഷൻ എടുത്തു കൊടുക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ബാർ ഹോട്ടലിൽ നിന്നാണ് കഴിഞ്ഞദിവസം കാലാവധി തീർന്ന 2000 ലിറ്ററോളം വിദേശ മദ്യകുപ്പികൾ പൊട്ടിച്ച് നശിപ്പിച്ച് ഒഴുക്കിയത്.
മാളിയേക്കൽ ജോഷിയുടെ കിണറിലാണ് മദ്യം ഒഴുകി എത്തിയത്. നഗരസഭ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. എക്സൈസ് അധികൃതരുടെ അനാസ്ഥക്കെതിരെ ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്. ഈ പരിസരത്ത് മദ്യത്തിന്റെ രൂക്ഷഗന്ധമാണ്.