തിരുവനന്തപുരം: ഫോർ-ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഒന്നാം തീയതിയിലെ ഡ്രൈ ഡേയിലും മദ്യം വിളന്പാൻ പ്രത്യേക സന്ദർഭങ്ങളിൽ അനുമതി നൽകിയുള്ള നിലവിലെ സാന്പത്തികവർഷത്തെ മദ്യനയത്തിന് മന്ത്രിസഭാ യോഗം അനുമതി നൽകി. ഡ്രൈ ഡേയിലെ പ്രത്യേക അവസരങ്ങളിൽ മദ്യം വിളന്പാൻ 50,000 രൂപ പ്രത്യേക ഫീസായി അടയ്ക്കണം.
ഫോർ, ഫൈവ് സ്റ്റാർ ബാറുകൾക്ക് ഡ്രൈ ഡേയിൽ മദ്യം വിളന്പാൻ പ്രത്യേക അനുമതി നൽകുന്പോൾ, ത്രീ സ്റ്റാർ ഹോട്ടലുകൾ ഒന്നാം തീയതിയിലെ വിവേചനത്തിനെതിരേ കോടതിയിൽ പോയാൽ അനുമതി കൊടുക്കേണ്ടിവരില്ലേയെന്ന മന്ത്രിസഭയിൽ ചില മന്ത്രിമാരുടെ ചോദ്യത്തിന്, എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും മറുപടി നൽകിയില്ല.
ഫലത്തിൽ ഒന്നാം തീയതിയിലെ മദ്യനിരോധനം മദ്യമുതലാളിമാർക്കുവേണ്ടി അട്ടിമറിക്കുന്ന സമീപനമാണ് പുതിയ മദ്യനയം സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്.
കായലുകളിലെ സ്റ്റാർ സൗകര്യമുള്ള യാനങ്ങളിലെ യാത്രക്കാർക്ക് മദ്യം വിളന്പാൻ പ്രത്യേക ലൈസൻസ് നൽകാനും മദ്യനയത്തിൽ പറയുന്നു. ഇതിനായി പ്രത്യേക ലൈസൻസ് ഫീസ് ഈടാക്കും. കപ്പലുകളിൽ മദ്യം വിളന്പാനുള്ള ലൈസൻസ് മാതൃകയിലാകും യാനങ്ങളിലും മദ്യം വിളന്പാൻ അനുമതി നൽകുക. ഇതോടെ കായലുകളും മദ്യശാലകളാക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുക.
ടൂറിസം മേഖലയിൽ മദ്യം വിളന്പാൻ പ്രത്യേക അനുമതി നൽകി. നാലു ലക്ഷം രൂപയുടെ പ്രത്യേക അനുമതിയോടെ ടൂറിസം മേഖലയിലെ ഹോട്ടലുകളിലും വിവാഹ സത്കാരത്തിനും മറ്റും മദ്യം വിളന്പാം. ടൂറിസം മേഖലയിലെ ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് പ്രത്യേക അനുമതി വാങ്ങി ഡ്രൈ ഡേയിലും മദ്യം വിളന്പാം.
സാന്പത്തിക പ്രതിസന്ധി മറികടക്കാൻ ബാറുകളുടെ ലൈസൻസ് ഫീസ് ഉയർത്തണമെന്ന വാദം സർക്കാർ തള്ളി. ബാറുകളുടെ വാർഷിക ലൈസൻസ് ഫീസ് 35 ലക്ഷം രൂപയായി തുടരും. ഇത് 50 ലക്ഷമാക്കി ഉയർത്തണമെന്ന ആവശ്യമാണ് പുതിയ മദ്യനയത്തിൽ നടപ്പാക്കാതിരുന്നത്.
ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ശ്മശാനങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള ബാറുകളുടെ ദൂരപരിധി 50 മീറ്ററായി തുടരും.എന്നാൽ, കള്ളുഷാപ്പുകൾക്കു ദൂരപരിധിയിൽ ഇളവു നൽകണമെന്ന ആവശ്യം പരിഗണിച്ചില്ല.
കള്ളുഷാപ്പുകളുടെ ദൂരപരിധി 400 മീറ്ററാണെന്നു മദ്യനയത്തിൽ പറയുന്നു. ഇന്നലെ മന്ത്രിസഭ അംഗീകരിച്ച മദ്യനയം ഒൗദ്യോഗികമായി പുറത്തു വിടാൻ സർക്കാർ തയാറാകാതിരുന്നത് ഏറെ ദുരൂഹത ഉയർത്തുന്നതാണ്.
ലഹരിവിരുദ്ധ കാന്പയിൻ: 17ന് സർവകക്ഷി യോഗം
തിരുവനന്തപുരം: ലഹരിവിരുദ്ധ കാന്പയിൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഏപ്രിൽ 16ന് വിവിധ മതമേലധ്യക്ഷന്മാരുടെ യോഗവും 17ന് സർവകക്ഷിയോഗവും വിളിച്ചുചേർക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ലഹരി ഉപയോഗവും വ്യാപനവും തടയാനുള്ള ബോധവത്കരണവും നടപടികളും സംബന്ധിച്ച് ഇന്നലെ യോഗം ചേർന്നു. നിർദേശങ്ങൾ വിദഗ്ധസമിതി മുന്പാകെ വച്ച് അവരുടെ അഭിപ്രായംകൂടി ചേർത്ത് വിപുലമായ കർമപദ്ധതിക്ക് രൂപം നൽകും. അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ആക്ഷൻ പ്ലാൻ രൂപീകരിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ലഹരിക്കെതിരായ ഡി-ഹണ്ട് ഡ്രൈവിനു സഹായകരമായ ഇന്റലിജൻസ് ഇൻപുട്ട് നൽകാൻ സ്പെഷൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഡ്രഗ് ഇന്റലിജൻസ് ആവിഷ്കരിച്ചിട്ടുണ്ട്. ഇതുവഴി ഫെബ്രുവരി 22 മുതൽ ഏപ്രിൽ നാല് വരെ 2503 സോഴ്സ് റിപ്പോർട്ടുകൾ ജില്ലാ പോലീസ് മേധാവികൾക്ക് കൈമാറിയതായും മുഖ്യമന്ത്രി പറഞ്ഞു.