കോട്ടയം: അനധികൃതമായി ജില്ലയിൽ വില്പനയ്ക്ക് എത്തിച്ച 144 കുപ്പി പുതുച്ചേരി നിർമ്മിത വിദേശ മദ്യവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി.
കണ്ണൂർ തലശേരി കതിരൂർ പുല്യേട് വെസ്റ്റ് മലമ്മൽ കെ.വി. സുജിത്തി (27) നെയാണ് കോട്ടയം എക്സൈസ് സ്പെഷൽ സ്ക്വാഡും കമ്മിഷണർ സ്ക്വാഡ് അംഗങ്ങളും ചേർന്ന് അറസ്റ്റ് ചെയ്തത്. മദ്യവുമായി ഇയാൾ സഞ്ചരിച്ച ഹോണ്ട സിറ്റി കാറും എക്സൈസ് സംഘം പിടിച്ചെടുത്തു.
കഴിഞ്ഞ ചൊവാഴ്ച മുണ്ടക്കയം കോസ്വേ പാലത്തിന് സമീപത്ത് വാഹന പരിശോധനക്കിടയിലാണ് ഇയാളെ പിടികൂടിയത്. കാറിൽ എത്തിയ സുജിത് പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ ഉദ്യോഗസ്ഥർ കാർ പരിശോധിച്ചു. ഇതോടെ കാറിൽ വില്പയ്നക്കായി ജില്ലയിലേക്ക് കൊണ്ടു വന്ന മദ്യം കണ്ടെത്തി.
144 കുപ്പികളിലായി 108 ലിറ്റർ പുതുച്ചേരി മദ്യമാണ് കാറിലുണ്ടായിരുന്നത്.ഇയാൾ മുന്പും കേരളത്തിന്റെ തെക്കൻ ജില്ലകളിലേക്ക് പുതുച്ചേരി മദ്യം എത്തിച്ചു വിൽപ്പന നടത്തിയിട്ടുണ്ടെന്ന് എക്സൈസ് കണ്ടെത്തി. സമാന കുറ്റത്തിന് ഇയാളുടെ പേരിൽ വടകര എക്സൈസ് റേഞ്ചിൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇയാൾ പതിവായി പുതുച്ചേരിയിൽ നിന്നും മദ്യം എത്തിച്ചിരുന്ന ഹോണ്ട സിറ്റി കാറിലാണ്. കാറിൽ ഡിക്കിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. പുതുച്ചേരിയിൽ നിന്നും വാങ്ങുന്ന മദ്യം കൂടിയ വില്പന മറ്റു ജില്ലകളിൽ എത്തിച്ചു വില്പന നടത്തുകയാണ് ഇയാളുടെ പതിവ് രീതി.
മിക്കപ്പോഴും കാറിൽ കറങ്ങി നടന്നു മദ്യം വില്പന നടത്തുന്നതിനാൽ ആരും സംശയിക്കില്ല. കോട്ടയമുൾപ്പെടെയുള്ള ചില ജില്ലകളിൽ ഇയാൾ പതിവായി മദ്യം നല്കിവരുന്നതായും എക്സൈസിനു വിവരം ലഭിച്ചിട്ടുണ്ട്.
എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ.രാജേഷ്, സിഐ പ്രദീപ് റാവു, കോട്ടയം സ്ക്വാഡ് ഇൻസ്പെക്ടർ അമൽ രാജൻ, സ്ക്വാഡ് സിഐ സൂരജ്, എക്സൈസ് കമ്മീഷണുടെ സ്ക്വാഡ് അംഗവും പ്രിവന്റീവ് ഓഫീസറുമായ ഫിലിപ്പ് തോമസ്, പ്രിവന്റീവ് ഓഫീസർമാരായ പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശിവൻ, വിമൽ കുമാർ, അസീസ്, സുരേഷ് കുമാർ, റെജി കൃഷ്ണൻ, സിഇഒമാരായ കെ.എൻ.സുരേഷ് കുമാർ, മാമ്മൻ ശാമുവേൽ, അഞ്ചിത്ത് രമേശ്, രതീഷ് പി.ആർ, സന്തോഷ് കുമാർ. വി.ജി. ജോസഫ് തോമസ്, ഡ്രൈവർ കെ.കെ.അനിൽ എന്നിവർ പങ്കെടുത്തു.