മട്ടന്നൂർ: വാഹനത്തിൽ കടത്തികൊണ്ടു പോകുകയായിരുന്ന വൻ മദ്യശേഖരം പിടികൂടി. മട്ടന്നൂർ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് 768 കുപ്പി മാഹി മദ്യവുമായി യുവാവിനെ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നു ഇന്നലെ രാത്രി 11 ഓടെ ചാവശേരി പത്തൊൻ മ്പതാം മൈലിൽ വച്ചു മട്ടന്നൂർ എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ പി.വി. സുലൈമാന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇന്നോവ കാറിൽ കടത്തുകയായിരുന്ന മാഹി മദ്യശേഖരം പിടികൂടിയത്.
ഇന്നോവ കാറിലുണ്ടായിരുന്ന സെൻട്രൽ പൊയിലൂർ സ്വദേശി താഴത്ത് വീട്ടിൽ ടി. വരുണി (22)നെ എക്സൈസ് അറസ്റ്റ് ചെയ്തു. നൂറ്റിയെൺപത് മില്ലി ലിറ്ററിന്റെ എഴുന്നൂറ്റി അറുപത്തിയെട്ട് കുപ്പി മാഹി മദ്യമായിരുന്നു ഇന്നോവയിൽ സൂക്ഷിച്ചിരുന്നത്. മാഹി മദ്യത്തിന്റെ ഓർഡർ എടുത്തതിന് ശേഷം ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്നയാളാണ് വരുണെന്ന് എക്സൈസ് അറിയിച്ചു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കാരണം മദ്യഷാപ്പുകൾക്ക് അവധിയായതിനാൽ വില്പനയ്ക്ക് ചാവശേരി പറമ്പിൽ എത്തിച്ചു നൽകുന്നതിനിടെയാണ് മദ്യ ശേഖരം പിടികൂടിയത്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ കെ.പി. പ്രമോദ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.കെ.സാജൻ, കെ. സുനീഷ്, ബെൻഹർകോട്ടത്ത് വളപ്പിൽ, എക്സൈസ് ഡ്രൈവർ കെ. ബിനീഷ് എന്നിവർ ചേർന്നാണ് യുവാവിനെ സാഹസികമായി കീഴടക്കിയത്. ഇയാളെ ഇന്ന് മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.