മാഹി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി സംസ്ഥാനത്ത് മാഹി, യാനം ഒഴികെയുള്ള പ്രദേശങ്ങളിൽ മദ്യശാലകൾ ഇന്ന് തുറന്നു. ബാറുകളുടെ പ്രവർത്തനത്തിന് അനുമതിയില്ല. കള്ള് ഷാപ്പും ചാരായക്കടകളും ഇന്ന് ഇതോടൊപ്പം തുറന്നു. കള്ള്, ചാരായം എന്നിവയ്ക്ക് 20 ശതമാനം നികുതി ചുമത്തിയിട്ടുണ്ട്.
പുതുച്ചേരിയിൽ മദ്യശാലകളിൽ 920 ബ്രാൻഡ് മദ്യങ്ങളാണ് വില്പനയിൽ ഉള്ളത്. പോപ്പുലർ ബ്രാൻഡുകളായ 184 ഇനങ്ങൾക്ക് തമിഴ്നാട് വിൽക്കുന്ന അതേ വിലയാക്കി നികുതി ചുമത്തിയിരിക്കുകയാണ്. ബാക്കിയുള്ള ഇനങ്ങൾക്ക് 25 ശതമാനം അധിക നികുതിയും ചുമത്തിയതായി മന്ത്രി നമശിവായം അറിയിച്ചു.
കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്ന് ആളുകൾ കൂട്ടമായി മദ്യം വാങ്ങുവാൻ എത്തുന്നത് ഒഴിവാക്കുവാനാണ് മദ്യവില പോപ്പുലർ ബ്രാൻഡുകൾക്ക് തമിഴ്നാട്ടിലെ വിലയുമായി ഏകീകരിച്ചത്.
ഒരു ഉപഭോക്താവിന് നാലര ലിറ്റർ മദ്യമാണ് ഒരു തവണ ലഭിക്കുക. സംസ്ഥാന പോലീസ് സേനയിലെ സ്പെഷൽ ടീമിനാണ് മദ്യശാലകളിൽ എത്തുന്ന ഉപഭോക്താക്കളെ നിയന്ത്രിക്കുവാനുള്ള ചുമതല. മദ്യഷാപ്പുടമകൾ വിലവിവരപട്ടിക പ്രദർശിപ്പിക്കണം.
ലോക്ക് ഡൗൺ കാലയളവിൽ മദ്യശാലകൾ അടച്ചിട്ടപ്പോൾ അനധികൃതമായി മദ്യവില്പന നടത്തിയ ഏതാനും മദ്യശാലകൾക്ക് തുറക്കുവാനുള്ള അനുമതിയും ഇല്ല.അതേ സമയം മാഹിയിൽ മദ്യശാലകൾ തുറക്കുവാനുള്ള അനുമതിയില്ലെങ്കിലും അടുത്ത ദിവസം കേരളത്തിൽ കിടക്കുന്ന മാഹിയിലും ആന്ധ്രയിലെ യാനത്തും മദ്യശാലകൾ തുറക്കുവാനുള്ള അനുമതി ലഭിച്ചേക്കും.
മാഹിയിലും നികുതി 50 ശതമാനത്തിന് മേലെ ചുമത്തുമെന്ന സൂചനയുണ്ട്. പുതുച്ചേരി സർക്കാർ അയച്ച ഫയൽ പരിശോധിച്ച് പുതുച്ചേരി ലഫ്.ഗവർണ്ണർ അടുത്ത ദിവസം തന്നെ ഉത്തരവ് പുറപ്പെടുവിക്കുവാനാണ് സാധ്യത.
മാഹിയിൽ മദ്യശാലകൾ തുറക്കുന്നതിന് മുന്നോടിയിയായ മദ്യശാലകൾക്ക് മുന്നിൽ മാഹി പോലീസും എക്സൈസ് ഉദ്യോഗസ്ഥരും ഉപഭോക്താക്കൾ അകലം പാലിച്ച്നിൽക്കേണ്ട വട്ടങ്ങൾ ഇന്നലെ വരഞ്ഞു കഴിഞ്ഞു.
64 മദ്യശാലകളാണ് മാഹിയിൽ എഫ് എൽ – 1, എഫ്.എൽ.2 എന്നീ ഇനങ്ങളിലായി പ്രവർത്തിച്ചു വരുന്നത്. ഇതിൽ ചില്ലറ വില്പന ശാലകളിൽ മാത്രമായിരിക്കും മദ്യവില്പന ഉണ്ടാകുക.