തൃശൂർ: നാടിനെ ലഹരി വിമുക്തമാക്കേണ്ടത് കലാ- കായിക മേഖലകളെ സമന്വയിപ്പിച്ചുകൊണ്ടാകണമെന്ന് വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ. “നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ എന്ന സന്ദേശം ഉയർത്തി വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ എക്സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന 90 ദിന തീവ്രയത്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് മദ്യവർജനത്തിന് ഉൗന്നൽ നൽകി മയക്കുമരുന്നുകളുടെ ഉപഭോഗം പൂർണമായും ഇല്ലാതാക്കുകയാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പരിപാടിയുടെ ഭാഗമായി 14 ജില്ലകളിലും ആരോഗ്യ വകുപ്പുമായി ചേർന്ന് ഡി-അഡിക്ഷൻ സെന്ററുകൾ ആരംഭിക്കുകയും മറ്റു സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വിവിധ ബോധവത്കരണ പദ്ധതികളും നടപ്പാക്കുന്നുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർഥി കോർണറിൽനിന്ന് ടൗണ്‍ ഹാൾ വരെ ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള 700 ഓളം എൻഎസ്എസ്, സ്കൗട്ട്, എസ്പിസി കേഡറ്റുകളുടെ ബൈക്ക് റാലിയും വാക്കത്തോണും നടന്നു.
മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷനായി. ജില്ലാ കളക്ടർ എസ്. ഷാനവാസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എംഎൽഎമാരായ മുരളി പെരുനെല്ലി, യു.ആർ. പ്രദീപ്, ഇ.ടി. ടൈസണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മേയർ അജിത വിജയൻ, മധ്യമേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ കെ. സുരേഷ് ബാബു, കൗണ്‍സിലർ കെ. മഹേഷ്, ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ, ഡെപ്യൂട്ടി ഡിഎംഒ ഡോ. സദീഷ്, പ്രസ് ക്ലബ് സെക്രട്ടറി എം.വി. വിനീത, ജില്ലാ ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി കെ.എൻ. ഹരി, കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.വി. ജ്യോതിഷ്കുമാർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ. സനു, വിമുക്തിവിഷൻ മാനേജർ കെ. ജോയ് ജോണ്‍ തുടങ്ങിയവർ പ്രസംഗിച്ചു.