തിരുവനന്തപുരം: വിദേശമദ്യത്തിനും ബിയറിനും ചെറിയതോതിൽ വിലകൂടും. നികുതിയിൽ വരുത്തിയ ചില മാറ്റങ്ങളുടെ ഫലമാണിത്. ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബിയറിനും ഈടാക്കുന്ന വില്പന നികുതി സർചാർജ്, മെഡിക്കൽസെസ്, പുനരധിവാസ സെസ്, ടേണോവർ ടാക്സ് എന്നിവ എടുത്തുകളഞ്ഞിട്ട് വില്പന നികുതി വർധിപ്പിക്കുകയാണ് ചെയ്യുന്നത്.
പല കാലങ്ങളിൽ പല പരിപാടികൾക്കും പണം കണ്ടെത്തുന്നതിനായി ഏർപ്പെടുത്തിയതാണ് ഈ സെസുകൾ ഇവ മാറ്റുന്പോൾ വരുന്ന വില്പനനികുതി ഇപ്രകാരമാണ്. 400 രൂപവരെയുള്ള മദ്യത്തിന് വിലയുടെ 200 ശതമാനവും അതിലേറെ വിലയുള്ളതിന് 210 ശതമാനം. ബിയറിന് 100 ശതമാനം.
സ്കോച്ച് വിസ്കി അടക്കം ഇറക്കുമതി ചെയ്യുന്ന വിദേശ നിർമിത മദ്യങ്ങളുടെയും വൈനിന്റെയും വ്യാപാരവും വിപണനവും ബിവറേജസ് കോർപറേഷൻ ഏറ്റെടുക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു. അനധികൃത വ്യാപാരം അവസാനിപ്പിക്കുകയാണ് ലക്ഷ്യം എന്ന് മന്ത്രി പറയുന്നു. പ്രയോഗത്തിൽ സ്കോച്ച് അടക്കമുള്ളവകൂടി പെടുത്തി ബിവറേജസിന്റെ വ്യാപാരവും വരുമാനവും വർധിപ്പിക്കുകയാണ് ലക്ഷ്യം.
ഇറക്കുമതി ചെയ്യുന്ന വിദേശ മദ്യത്തിന് 78 ശതമാനവും വൈനിന് 25 ശതമാനവുമാണ് വില്പന നികുതി. നികുതി കണക്കാക്കാൻ ഇറക്കുമതി തീരുവ ഇല്ലാതെ വിദേശമദ്യം കെയ്സ് ഒന്നിന് 6000 രൂപയാണ് വിലയായി നിശ്ചയിച്ചത്.
വൈൻ കെയ്സിന് 3000 രൂപയാണ് വിലവച്ചിരിക്കുന്നത്. പുറമേ വിദേശമദ്യം പ്രൂഫ് ലിറ്റർ ഒന്നിന് 87.70 രൂപ പ്രത്യേക ഫീസ് ഉണ്ട്. വൈന്‍ ബൾക്ക് ലിറ്ററിന് 1.25 രൂപയാണ് പ്രത്യേക ഫീസ്. ഇറക്കുമതി ചെയ്യുന്ന വിദേശമദ്യത്തിൽനിന്ന് 60 കോടി രൂപയുടെ നികുതി വരുമാനം കണക്കാക്കുന്നു.