തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവിൽപനശാലകൾ ഇനി തുറക്കുമ്പോൾ മദ്യവില ഉയർത്താനുള്ള നടപടി തുടങ്ങി. മദ്യത്തിന്റെ അടിസ്ഥാന വിലയിൽ 10 മുതൽ 35 ശതമാനം വരെ കൂട്ടാനുള്ള ഓർഡിനൻസ് കൊണ്ടുവരാനുള്ള നടപടിയാണു തുടങ്ങിയതുടങ്ങിയത്.
പുതിയ നിർദേശം നടപ്പായാൽ നിലവിലുള്ള വിലയേക്കാൾ മദ്യത്തിന് 10 രൂപ മുതൽ 80 രൂപ വരെ ഉയരും. ബിയ൪, വൈൻ തുടങ്ങിയ ഇനങ്ങൾക്ക് 10 ശതമാനം വ൪ധനയാണു നികുതി വകുപ്പ് ശിപാർശ ചെയ്തിട്ടുള്ളത്.
ബിവറേജസ്, കൺസ്യൂമർ ഫെഡ് എന്നിവ വഴി വിറ്റഴിക്കുന്ന ഇന്ത്യൻ നി൪മിത വിദേശ മദ്യത്തിന് 15 ശതമാനം മുതൽ 35 ശതമാനം വരെ നികുതി വ൪ധിക്കുക. നിലവിൽ വിദേശ മദ്യത്തിന് 200 മുതൽ 210 ശതമാനം വരെയാണു നികുതി.
കോവിഡുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നികുതി വ൪ധന വരുത്താനാണു നി൪ദേശം. ഇതിൽ മാറ്റം വരുത്താൻ കെജിഎസ്ടി നിയമത്തിൽ ഭേദഗതി വരുത്താൻ ഓർഡിനൻസ് കൊണ്ടു വരണമെന്നാണു നി൪ദേശം.
അടുത്ത മന്ത്രി സഭായോഗത്തിൽ ഓർഡിനൻസ് കൊണ്ടു വരും. കഴിഞ്ഞ മന്ത്രിസഭ യിൽ മദ്യവില വ൪ധന ചർച്ചയ്ക്കു വന്നിരുന്നു. സംസ്ഥാനത്തിന്റെ വരുമാന നഷ്ടം നികത്താനുള്ള ഈ നി൪ദേശത്തെ മന്ത്രിസഭയിൽ ആരും എതി൪ത്തിരുന്നില്ല.
നിലവിൽ 125 മുതൽ 135 ശതമാനം വരെയാണ് സെയിൽസ് ടാക്സ് ഇനത്തിൽ മദ്യത്തിന് ഈടാക്കുന്നത്. 16 ശതമാനം വിവിധ സെസുകളും. ബാക്കിയുള്ള തുക എക്സൈസ് ഡ്യൂട്ടി അടക്കമുള്ള നികുതികളായി ഈടാക്കി വരുന്നത്.
ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിൽ മദ്യശാലകൾ തുറന്ന തമിഴ് നാട് അടക്കമുള്ള സംസ്ഥാനങ്ങൾ മദ്യത്തിന്റെ വില കൂട്ടിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണു കേരളത്തിലും മദ്യത്തിനു വില കൂട്ടുന്നത്.