കണ്ണൂർ: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഫോടകവസ്തുക്കളും മദ്യവും കടത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ട്രെയിനുകളിൽ പരിശോധന കർശനമാക്കി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ എക്സ്പ്രസ് ,പാസഞ്ചർ ട്രെയിനുകളിൽ പരിശോധന തുടങ്ങി.
ദീർഘദൂര എക്സ്പ്രസ് ട്രെയിനുകളെ കൂടാതെ അമൃത,മാവേലി, മലബാർ, ഏറനാട്, എഗ്മോർ, മംഗളുരു, പരശുറാം എന്നീ എക്സ്പ്രസ് ട്രെയിനുകളിലും കോയമ്പത്തൂർ – മംഗളൂരു ഫാസ്റ്റ് പാസഞ്ചർ തുടങ്ങി ഷൊർണ്ണൂർ – മംഗളൂരു റൂട്ടിലോടുന്ന മുഴുവൻ പാസഞ്ചറുകളിലും പരിശോധന ആരംഭിച്ചു.
രാത്രിയും പകലും പ്രത്യേക സ്ക്വാഡുകളാണ് മഫ്ടിയിലും സംഘമായും പരിശോധന നടത്തുന്നത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, പാലക്കാട്, തൃശൂർ, കണ്ണൂർ, മംഗളൂരു തുടങ്ങിയ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ മുഴുവൻ സമയ പരിശോധനയും ആരംഭിച്ചതായി റെയിൽവേ സംരക്ഷണസേനയിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
തിരക്കുള്ള ട്രെയിനുകളിൽ ഇങ്ങനെ കടത്തുന്ന ലഗേജുകൾ കോച്ചിൽ സൂക്ഷിച്ചതിന് ശേഷം കടത്തുകാർ മാറി നിൽക്കുകയാണ് പതിവ്.പ്രധാന സ്റ്റേഷന്റെ തൊട്ട് മുന്നിലുള്ള ചെറിയ സ്റ്റേഷനിലോ സിഗ്നൽ ലഭിക്കാതെ ട്രെയിൻ നിറുത്തുമ്പോൾ ഇവ കടത്തി മറ്റു വാഹനങ്ങളിൽ ലക്ഷ്യത്തിലെത്തിക്കുകയാണ് ഈ സംഘങ്ങൾ ചെയ്യുന്നത്.
മാഹി മദ്യവും ഇത്തരത്തിൽ വ്യാപകമായി കടത്തുന്നതായും വിവരമുണ്ട്. തെരഞ്ഞെടുപ്പു വരെ ട്രെയിൻ സെർച്ച് എന്നപരിശോധന തുടരാനാണ് നിർദേശം. മുഴുവൻ സ്റ്റേഷനുകളിലും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ഷൊർണ്ണൂർ ജംഗ്ഷൻ കേന്ദ്രീകരിച്ചുള്ള പ്രത്യേക വിംഗിനാണ് മലബാർ മേഖലയിലെ പരിശോധനയുടെ ചുമതല. ഇതുകൂടാതെ ബോംബ്, ഡോഗ് സ്ക്വാഡുകളും സജീവമായി പരിശോധനയിൽ പങ്കാളികളാവുന്നുണ്ട്.