ചേർത്തല: മാധ്യമങ്ങൾക്കായി കോടതിയിൽ ഹാജരായ അഭിഭാഷകരിൽനിന്ന് വിശദീകരണം തേടാൻ ചേർത്തല ബാർ അസോസിയേഷന്റെ തീരുമാനം. അഭിഭാഷകരും, മാധ്യമങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായ ഘട്ടത്തിൽ ഡോ. സെബാസ്റ്റ്യൻ പോളിന്റെ തൃശൂർ പ്രസംഗം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരെയാണ് ചേർത്തല കോടതിയിൽ കേസുള്ളത്. ചേർത്തല കോടതിയിലെ അഭിഭാഷകൻ സമർപ്പിച്ച സ്വകാര്യ അന്യായത്തിലാണ് കോടതി കേസെടുത്തത്. ഡോ. സെബാസ്റ്റ്യൻ പോളിന്റെ പരാമർശങ്ങൾ അഭിഭാഷകർക്കു അപകീർത്തി ഉണ്ടാക്കിയെന്നാണ് കേസ്. ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്.
ഈ കേസിൽ മാധ്യമങ്ങൾക്കുവേണ്ടി ഹാജരായ കെ.ബി ഹർഷകുമാർ, എൻ. ബാലചന്ദ്രൻ, പി. രാജേഷ് തുടങ്ങിയവരോടു വിശദീകരണം തേടാൻ വെള്ളിയാഴ്ച ചേർന്ന ബാർ അസോസിയേഷൻ പൊതുയോഗമാണ് തീരുമാനിച്ചത്. രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം. രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക് ഒടുവിലാണ് ഇപ്രകാരം തീരുമാനിച്ചത്.
അഭിഭാഷകരെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയർന്നു. മാധ്യമങ്ങൾക്കായി കോടതിയിൽ ഹാജരാകാൻ പാടില്ലെന്നത് നീതിയല്ലെന്നു ചില അഭിഭാഷകർ യോഗത്തിൽ അഭിപ്രായപ്പെട്ടു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി വധകേസിൽ പ്രതിക്കായി ഇന്ത്യൻ അഭിഭാഷകൻ ഹാജരായ ജനാധിപത്യരാജ്യമായ ഇവിടെ മാധ്യമങ്ങൾക്കായി ഹാജരാകരുതെന്ന നിലപാട് ശരിയല്ല.
മാധ്യമങ്ങൾക്കായി ഹാജരാകാൻ പാടില്ലെന്ന് ബാർ അസോസിയേഷൻ തീരുമാനമില്ലെന്നതും ചിലർ ഉയർത്തി. അഭിഭാഷകർക്കെതിരെ ഇപ്പോഴും നിലപാട് സ്വീകരിക്കുന്ന മാധ്യമങ്ങൾക്കായി ഹാജരായതു ശരിയല്ലെന്ന ശക്തമായ അഭിപ്രായമാണ് ചിലർ ഉയർത്തിയത്. അഭിഭാഷകരെ മർദിച്ച കേസുകളിൽ പ്രതികൾക്കായി അഭിഭാഷകർ ഹാജരായതും ചിലർ യോഗത്തിൽ ചൂണ്ടിക്കാട്ടി.