തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നേരിട്ട് കണ്ട് പ്രതികരണം തേടുന്ന മാധ്യമരീതിക്ക് കൂച്ചുവിലങ്ങിടാൻ സർക്കാർ നീക്കം. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, സെക്രട്ടറിയേറ്റ്, സർക്കാർ ഗസ്റ്റ് ഹൗസുകൾ തുടങ്ങിയ പൊതു ഇടങ്ങളിലും പൊതുപരിപാടികൾക്കിടയിലും മന്ത്രിമാരുടെയോ മുഖ്യമന്ത്രിയുടെയോ മറ്റ് വിശിഷ്ട വ്യക്തികളുടെയോ പ്രതികരണം തേടുന്നതിന് പിആർഡിയുടെ അനുമതി വേണമെന്ന ഉത്തരവാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറിയാണ് മാധ്യമങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നുള്ള ഉത്തരവ് പുറത്തിറക്കിയത്.
സർക്കുലർ പ്രകാരം പിആർഡി അനുമതി നൽകാതെ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ പ്രതികരണം ഇനി തേടാൻ കഴിയില്ല. ഇതിന് പുറമേ ഓരോ വകുപ്പുകളും മാധ്യമങ്ങൾക്ക് വാർത്താക്കുറിപ്പ് നൽകുന്ന രീതിയും അവസാനിപ്പിക്കുകയാണ്. പിആർഡി മുഖേന മാത്രമേ ഇനി വാർത്താക്കുറിപ്പുകൾ നൽകാവൂ എന്നാണ് ഉത്തരവ്. അല്ലാതെ നൽകുന്നവരെ സർക്കാർ വിരുദ്ധ വാർത്ത നൽകുന്നവരായി കണക്കാക്കും.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പത്രസമ്മേളനങ്ങൾക്ക് അക്രഡിറ്റഡ് മാധ്യമപ്രവർത്തകരെ മാത്രം പ്രവേശിപ്പിക്കാനും ഉത്തരവ് വ്യക്തമാക്കുന്നുണ്ട്.
നിയന്ത്രണ മല്ല; ചില ക്രമീകരണങ്ങൾ ഒരുക്കുക മാത്രമെന്ന് ഇ.പി.ജയരാജൻ
തിരുവനന്തപുരം: മാധ്യമങ്ങൾക്ക് ഒരുതരത്തിലുള്ള നിയന്ത്രണവും ഏർപ്പെടുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ. അവർക്ക് വാർത്തകൾ തടസമില്ലാതെ റിപ്പോർട്ട് ചെയ്യാൻ ചില ക്രമീകരണങ്ങൾ ഒരുക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്നും ഒരു തരത്തിലുള്ള നിയന്ത്രണവും സർക്കാർ വരുത്തിയിട്ടില്ലെന്നും ജയരാജൻ പറഞ്ഞു.