കോഴിക്കോട് : മദ്യനിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ മദ്യത്തിന്റെ ഉപയോഗം കുറഞ്ഞതായി പഠനറിപ്പോര്‍ട്ട്. 2014 ഏപ്രില്‍ ഒന്നു മുതല്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള മൂന്നുവര്‍ഷം സംസ്ഥാനത്ത് വിദേശമദ്യത്തിന്റെ ഉപയോഗം 8,65,60,876 ലിറ്റര്‍ കുറഞ്ഞു. ഡോ. വിന്‍സന്റ് മാളിയേക്കല്‍ നടത്തിയ പഠന റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് കേരള മദ്യനിരോധന സമിതി ഇക്കാര്യം വ്യക്തമാക്കിയത്.
കാല്‍നൂറ്റാണ്ടായി സംസ്ഥാനത്ത് വിദേശമദ്യ ഉപയോഗം ഓരോവര്‍ഷവും വര്‍ധിച്ചുവരികയായിരുന്നു. ഇതില്‍ മാറ്റമുണ്ടായത് ബാറുകള്‍ അടച്ച 2014 മുതലാണ്. ആ വര്‍ഷം മദ്യോപയോഗം വര്‍ധിച്ചില്ലെന്ന് മാത്രമല്ല സാരമായി കുറയുകയും ചെയ്തിട്ടുണ്ട്. മുന്‍വര്‍ഷത്തേക്കാള്‍ 1,86,55,149 ലിറ്റര്‍ മദ്യത്തിന്റെ ഉപയോഗമാണ് കുറഞ്ഞത്.
വില്പനശാലയുടെ എണ്ണം കുറഞ്ഞാല്‍ മദ്യോപയോഗം കുറയുമെന്നും എണ്ണം കൂടിയാല്‍ ഉപയോഗം വര്‍ധിക്കുമെന്നതിന്റെ തെളിവാണ് ഈ കണക്കുകളെന്നും മദ്യനിരോധനസമിതി ചൂണ്ടിക്കാട്ടി. ദേശീയ പാതയുടെ 500 മീറ്റർ പരിധിയിൽ മദ്യശാലകൾ നിരോധിച്ചതിനു ശേഷമുള്ള വില്പനയുടെ കണക്കുകള്‍ വിലയിരുത്തുമ്പോഴും മദ്യത്തിന്റെ ഉപയോഗം കുറഞ്ഞുവെന്നാണ് സൂചിപ്പിക്കുന്നത്.
സുപ്രീംകോടതി വിധി പ്രാബല്യത്തില്‍ വന്ന 2017 ഏപ്രില്‍ ഒന്നു മുതല്‍ മൂന്നുമാസത്തെ മദ്യ ഉപഭോഗം മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ ഉപഭോഗത്തേക്കാള്‍ 21.87 ശതമാനം കുറവായിരുന്നു. 1,80,02,791 ലിറ്ററിന്റെ കുറവാണുണ്ടായത്.
മദ്യലഭ്യത കുറഞ്ഞതോടെ മയക്കുമരുന്ന് ഉപയോഗം വ്യാപകമായെന്ന പ്രചാരണവും അടിസ്ഥാനരഹിതമാണെന്നാണ് കണക്കുകള്‍ പറയുന്നത്.
2014 ഏപ്രില്‍ ഒന്നിന് മദ്യശാലകള്‍ അടച്ചതിന് ശേഷമുള്ള മൂന്നുവര്‍ഷ കാലയളവില്‍ എക്സൈസ് പരിശോധനകളുടേയും കേസുകളുടേയും എണ്ണം വര്‍ധിച്ചിരുന്നു. എങ്കിലും പിടിച്ചെടുത്ത വ്യാജമദ്യത്തിന്റെയും മയക്കുമരുന്നുകളുടേയും അളവില്‍ വന്‍കുറവാണ് ഉണ്ടായിട്ടുള്ളത്. പരിശോധനകള്‍ 18 ശതമാനം വര്‍ധിച്ചപ്പോള്‍ വ്യാജമദ്യം പിടിച്ചെടുത്തത് 38,843 ലിറ്ററില്‍ നിന്ന് 2873 ലിറ്ററായി കുറയുകയാണ് ചെയ്തത്.
കഞ്ചാവിന്റെ കാര്യത്തില്‍ 968 കിലോയില്‍ നിന്നു 921 കിലോ ആയി കുറഞ്ഞു. വലിയ അളവില്‍ കഞ്ചാവും മറ്റും പിടിച്ചെടുത്തതായി പരസ്യപ്പെടുത്തുമ്പോഴും കോടതിയില്‍ സമര്‍പ്പിക്കുന്ന രേഖകളില്‍ മിക്കപ്പോഴും അതൊന്നും കാണുന്നില്ല. മദ്യശാലകള്‍ അടച്ചത് സംസ്ഥാനത്തെ ടൂറിസം മേഖലയെ തകര്‍ത്തുവെന്നതും ശരിയല്ല. വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിക്കുകയാണ് ചെയ്തത്. ആ മേഖലയില്‍ നിന്നുള്ള വരുമാനത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്.
സംസ്ഥാന ടൂറിസം വകുപ്പിന്റെ കണക്കുകള്‍തന്നെ ഇത് വ്യക്തമാക്കുന്നു. 2014 നേക്കാള്‍ 1,15,053 വിദേശ ടൂറിസ്റ്റുകള്‍ 2016 ല്‍ കേരളത്തില്‍ വന്നു. ആഭ്യന്തര ടൂറിസ്റ്റുകളുടെ കാര്യത്തിലാവട്ടെ 14,77,124 പേരുടെ വര്‍ധനയുണ്ടായി. ടൂറിസം മേഖലയില്‍നിന്നുള്ള മൊത്തവരുമാനത്തില്‍ 4,774 കോടി രൂപ 2014 നേക്കാള്‍ അധികമായി ലഭിച്ചുവെന്നും മദ്യനിരോധനസമിതി പറഞ്ഞു.