എടത്വ: പൊതുസ്ഥലത്ത് മദ്യപാനവും പോലീസിനുനേരേ കൈ യേറ്റ ശ്രമവും നടത്തിയതിനെ ത്തുടര്‍ന്ന് നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പെട്ട സംഘം പോലീസ് കസ്റ്റഡിയില്‍.
പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ ജോണ്സണ്, ശരത് ശശിധരന്, സജിത്ത്, അരുണ്‍ ചന്ദ്രന്, ഷിബന്‍, ശിവശങ്കര്‍, അര്ജുന് മണി എന്നിവരെയാണ് എടത്വ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
എടത്വ ചങ്ങങ്കരി പള്ളിക്കു സമീപം ഇന്നലെ 6.30 നാണ് സംഭവം. ഇന്നോവ കാറിലെത്തിയ ഏഴംഗ സംഘം ചങ്ങങ്കരി പള്ളി റോഡില്‍ വാഹനം പാര്‍ക്കു ചെയ്ത ശേഷം പൊതുവഴിയില്‍നിന്ന് മദ്യപിച്ചു.
പൊതുവഴിയില്‍ നിന്ന് മദ്യപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ എടത്വ പോലീസില്‍ വിവരം അറിയിച്ചു.പോലീസ് സംഭവസ്ഥലത്തെത്തി സംഘത്തെ ചോദ്യം ചെയ്തെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ക്കുനേരേ സംഘം കൈ യേറ്റ ശ്രമത്തിനു മുതിരുകയായിരുന്നു.
സ്റ്റേഷനില്‍നിന്ന് കൂടുതല്‍ പോലീസ് എത്തിയശേഷം സാഹസികമായാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.പൊതുസ്ഥലത്തെ മദ്യപാനം, കൃത്യനിര്‍വഹണത്തില്‍ തടസം സൃഷ്ടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരേ കേസെടുത്തു.