മാവേലിക്കര: ആത്മഹത്യാഭീഷണിയുമായി 110 കെവി ടവറിനു മുകളിൽ കയറിയ യുവാവ് രണ്ടുമണിക്കൂറോളം പ്രദേശവാസികളെയും അധികൃതരേയും പരിഭ്രാന്തിയിലാക്കി.
കുറത്തികാട് പള്ളിക്കൽ ഈസ്റ്റ് ചാങ്കൂരേത്ത് വീട്ടിൽ വിനീഷാ (ഉണ്ണി-33) ണ് 40 മീറ്റർ പൊക്കമുള്ള വൈദ്യുതി ടവറിനു മുകളിൽ കയറിയത്. ബുധനാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. ആറരയോടെയാണ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാനായത്.
ഇടപ്പോണ്‍ കായംകുളം, ഇടപ്പോണ്‍ മാവേലിക്കര ഇരട്ട സർക്യൂട്ട് ഫീഡറാണ് ഇതുവഴി കടന്നുപോകുന്നത്. വിനീഷ് ടവറിനു മുകളിൽ കയറുന്നത് കണ്ട നാട്ടുകാർ കറ്റാനം കെഎസ്ഇബി ഓഫീസിലും കുറത്തികാട് പോലീസ് സ്റ്റേഷനിലും വിവരമറിയിച്ചു.
ഉടൻതന്നെ ഇതുവഴിയുള്ള വൈദ്യുതപ്രവാഹം വിച്ഛേദിച്ചു. പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി വിനീഷിനെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും യുവാവ് ഇവരെ വട്ടംകറക്കി. അവസാനം ആറരയോടെ ഇയാൾ താഴെയിറങ്ങി.
തുടർന്ന് പോലീസ് വിനീഷിനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് നിരവധിപേർ സ്ഥലത്ത് തടിച്ചുകൂടി. മദ്യപിച്ച് വീട്ടിൽ ബഹളം വച്ച ശേഷമാണ് വിനീഷ് ആത്മഹത്യാഭീഷണിയുമായി ടവറിനു മുകളിൽ കയറിയതെന്ന് പോലീസ് പറഞ്ഞു.