കാട്ടാക്കട : കിണറ്റിൻകരയിലിരുന്നു മദ്യപിക്കുന്നതിനിടെ മൂന്നുപേർ കിണറ്റിൽ വീണു. ഒരാൾ മരിച്ചു. മറ്റു രണ്ടു പേരെ രക്ഷപ്പെടുത്തി.
പൂവാർ തിരുപുറം അരുമാനൂർകട ലക്ഷം വീട് കോളനിയിൽ സുരേഷ്(35) ആണ് മരിച്ചത്. ബാലരാമപുരം ഐത്തിയൂർ തെങ്കറക്കോണത്തിനു സമീപം തിങ്കളാഴ്ച രാത്രി ഒന്പതിനായിരുന്നു സംഭവം.
അപകടത്തിൽപ്പെട്ട ഐത്തിയൂർ സ്വദേശികളായ മഹേഷ്, അരുൺസിംഗ് എന്നിവരെ രക്ഷപ്പെടുത്തി. ബാലരാമപുരം ഐത്തിയൂർ തെങ്കറക്കോണത്തിനു സമീപം ആൾപ്പാർപ്പില്ലാത്ത സ്ഥലത്തെ കിണറ്റിൻകരയിലിരുന്നായിരുന്നു മൂന്നുപേരും മദ്യപിച്ചത്.
ഇവർ മൂന്നു പേരും മദ്യപിക്കുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉച്ചത്തിലുണ്ടായിരുന്ന സംസാരം കേൾക്കാതായതോടെയാണ് അയൽവാസികൾ ശ്രദ്ധിച്ചത്.
തുടർന്ന് ബാലരാമപുരം പോലീസിലും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ നെയ്യാറ്റിൻകര അഗ്നിരക്ഷാസേനാ അംഗങ്ങൾ മൂന്നുപേരെയും കിണറ്റിൽനിന്നു കരയിൽ കയറ്റി.
എന്നാൽ സുരേഷ് അപ്പോഴേക്കും മരിച്ചിരുന്നു.അരുൺസിങ്ങിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച സുരേഷ് കഴിഞ്ഞ രണ്ടു ദിവസങ്ങൾക്ക് മുമ്പാണ് ഐത്തിയിരൂലെ ഭാര്യ വീട്ടിലെത്തുന്നത്.
ഭാര്യ: അഞ്ചു.പോസ്റ്റുമോർട്ടത്തിനുശേഷം മ്യതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു . സംഭവം നടന്ന സ്ഥലത്ത് ഇന്നലെ പോലീസും ഫോറൻസിക് വിഭാഗം പരിശോധന നടത്തി.