മംഗലംഡാം: ആദിവാസി കോളനികളിൽ പുരുഷൻമാർക്കിടയിലുള്ള അമിത മദ്യപാനവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും താഴെക്കിടയിലുള്ള ഈ വിഭാഗത്തെ വേണ്ടവിധം ഉന്നമനത്തിലേക്ക് നയിക്കാൻ സംവിധാനങ്ങളില്ലാത്തതും തളികകല്ല് ഉൾപ്പെടെയുള്ള ആദിവാസി കോളനികളിലെ ജനവിഭാഗത്തിന്റെ കുടുംബ ജീവിതം ദുരിതപൂർണ്ണമാക്കുന്നു.
എല്ലാം സൗജന്യമായതിനാൽ കിട്ടുന്ന വരുമാനം മുഴുവൻ മദ്യപാനത്തിന് ചെലവഴിക്കുന്നവരാണ് കോളനികളിലെ ഭൂരിഭാഗം പേരും. കഴിഞ്ഞ സെപ്റ്റംബറിൽ തളിക കല്ല് കോളനി സന്ദർശിച്ച അസിസ്റ്റന്റ് കളക്ടറുടെയും മറ്റു ഉദ്യോഗസ്ഥ സംഘത്തിന്റെയും മുന്നിൽ കോളനിയിലെ സ്ത്രീകൾ പ്രധാനമായും ഉന്നയിച്ചത് പുരുഷൻമാരുടെ മദ്യപാനത്തെക്കുറിച്ചായിരുന്നു.
വാഹനം എത്താവുന്ന വഴിയോ, അന്തിയുറങ്ങാൻ വീടോ, വേനലിൽ കുടിവെള്ളമോ ഇല്ലാത്ത കോളനിയിലെ സ്ത്രീകൾ അത്തരം ഇല്ലായ്മകൾക്കുമുപരി മദ്യപാനം മൂലം ഉണ്ടാകുന്ന കഷ്ടപ്പാടുകൾ കണ്ണീരോടെയാണ് ഉദ്യോഗസ്ഥർക്ക് മുന്നിൽ വിവരിച്ചത്.
വർഷത്തിൽ ഏതാനും മാസങ്ങൾ ഒഴികെ വനവിഭവ ശേഖരണത്തിലൂടെയും കോളനിയിലുള്ള കുരുമുളകിൽ നിന്നും ഇവർക്ക് നല്ല വരുമാനമുണ്ട്. ഇപ്പോൾ തേൻ സീസണ് കൂടിയാണ്.എന്നാൽ കിട്ടുന്ന പണമെല്ലാം മുടപ്പല്ലൂരിലെ ബീവറേജസിന്റെ മദ്യവില്പനശാലയിൽ നിന്നും മദ്യം വാങ്ങി നശിപ്പിക്കുകയാണെന്നാണ് കുടുംബിനികളുടെ സങ്കടം.
കോളനിയിൽ വെള്ളമില്ലാതെ കുടുംബ സമേതം താമസം ഉൾക്കാടുകളിലേക്ക് മാറ്റുന്പോഴും അരി പോലെ അത്യാവശ്യ സാധനമായി പുരുഷൻമാർ കരുതുന്നത് മദ്യമാണ്. ശനിയാഴ്ച രാത്രി യുവാവിനെ അടിച്ചു കൊന്ന സംഭവത്തിലും അമിത മദ്യപാനം കാരണമായിട്ടുണ്ടാകാമെന്ന് പോലീസ് പറഞ്ഞു.
ആദിവാസികളിലെ മദ്യപാനം നിയന്ത്രിക്കാനോ ലഭ്യത കുറക്കാനോ സംവിധാനമില്ലാത്തതിനാൽ ഇവർ പരസ്പരം വഴക്കിട്ടും അടി കൂടിയുമാണ് ജീവിക്കുന്നത്. ഒന്നിച്ച് കഴിയേണ്ടവർ മദ്യത്തിൽ ബന്ധങ്ങൾ മറന്ന് അക്രമകാരികളാകുന്നു.
ഇതു മൂലം അസ്വഭാവിക മരണങ്ങളും കൂടി വരികയാണ്.മദ്യാസക്തി കൂടുന്നതു മൂലം ഉൾ കാടുകളിൽ വന്യമൃഗങ്ങളോടും അനുകൂലമല്ലാത്ത കാലാവസ്ഥയിലും താമസിച്ച് ശേഖരിക്കുന്ന വന വിഭവങ്ങൾ കിട്ടിയ വിലക്ക് വിറ്റ് മദ്യപാനത്തിന് അടിമകളാവുകയാണ് ഇവർ.