പൂന്തുറ: വീടിനു സമീപത്തു സംഘം ചേര്‍ന്ന് മദ്യപിച്ചതു ചോദ്യം ചെയ്ത വീട്ടമ്മയ്ക്ക് നെഞ്ചില്‍ കുത്തേറ്റു. ബീമാപളളി ബദരിയനഗര്‍ ടി.സി-71 /1415 -ല്‍ കുമാരിക്കാണ് നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റത്. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടുകൂടി കുമാരിയുടെ വീടിന് മുന്നിലായിരുന്നു സംഭവം നടന്നത്.
വീടിനു മുന്നിലെ പറമ്പിലാ ണ് നാല്‍വര്‍ സംഘം മദ്യപാനത്തില്‍ ഏര്‍പ്പെട്ടിരുന്നത്. ബീമാപള്ളി ബദരിയനഗര്‍ സ്വദേശികളായ കേസിലെ ഒന്നാം പ്രതി ഷാജി, രണ്ടാംപ്രതി മാഹീന് ജോണ്സണ് (43) , മൂന്നാം പ്രതി സുല്‍ഫി, നാലാം പ്രതി വെള്ള മാഹീന് എന്നിവരാണ് അക്രമം നടത്തിയത്. മദ്യപിച്ചതു ചോദ്യം ചെയ്ത കുമാരിക്കു നേരെ രണ്ടാംപ്രതി മാഹീന് ജോണ്സണ് അശ്ലീലം കാണിച്ചതാണ് സംഘർഷത്തിനു കാരണം.
സമീപവാസിയായ നന്ദു ഇതു ചോദ്യം ചെയ്തപ്പോൾ മൂന്നാം പ്രതി സുല്‍ഫി ഇരുമ്പു കമ്പി കൊണ്ട് നന്ദുവിന്റെ തലയ്ക്കടിക്കുകയായിരുന്നു. തലയില്‍ ആഴത്തില്‍ മുറിവേറ്റ നന്ദു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
നന്ദുവിനെ മർദിക്കുന്നതു ചെറുക്കുന്നതിനിടെ കേസിലെ ഒന്നാം പ്രതിയായ ഷാജി കത്തികൊണ്ട് കുമാരിയുടെ നെഞ്ചില്‍ ആഴത്തില്‍ കുത്തുകയായിരുന്നു. കുത്തേറ്റ കുമാരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവശേഷം പ്രതികള്‍ നാലുപേരും സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു.
കുമാരിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തവേയാണ് ബുധനാഴ്ച കേസിലെ രണ്ടാം പ്രതിയായ മാഹീന് പോലീസിന്റെ വലയിലായത്. കോടതിയില്‍ ഹാജരാക്കിയ മാഹീനെ റിമാന്‍ഡ് ചെയ്തു. പൂന്തുറ സിഐ സാജു, എസ്ഐ സുനില്‍ എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് മാഹീനെ പിടികൂടിയത്.