കോടതിയിൽ മദ്യപിച്ച് ബഹളം വച്ചയാളെ കോടതി റിമാൻഡുചെയ്തു. കഞ്ഞിക്കുഴി പഴയരിക്കണ്ടം പുതുവിള പുത്തൻവീട്ടിൽ സന്തോഷിനെയാണ് മുട്ടം അഡ്ഹോക്ക് കോടതി 10 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
സന്തോഷിന് എതിരായി ഭാര്യ നൽകിയ പരാതി പ്രകാരമുള്ള കേസിന്റെ വാദത്തിനായി എത്തിയപ്പോഴാണ് കോടതി വരാന്തയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കോടതിക്കവലയിൽ നിന്ന് റോഡിലൂടെ വന്ന സന്തോഷ് ഓട്ടോക്കാരോടും കോടതി വരാന്തയിൽ നിന്ന അഭിഭാഷകരോടും അസഭ്യം പറഞ്ഞ് കയർത്ത് സംസാരിച്ചിരുന്നു.
സംഭവം അഡ്ഹോക്ക് കോടതി ജഡ്ജിയുടെ ശ്രദ്ധയിൽ പെട്ടപ്പോൾ മുട്ടം പോലീസിനെ കോടതിയിലേക്ക് വിളിച്ച് വരുത്തി സന്തോഷിന്റെ പേരിൽ കേസെടുക്കാൻ നിർദേശം നൽകി.
കോടതിയിൽ എത്തിയ പോലീസ് ഇയാളെ മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി. മദ്യപിച്ചെന്ന് ബോധ്യപ്പെട്ടു. തുടർന്നാണ് കോടതിയിൽ ഹാജരാക്കിയ സന്തോഷിനെ പത്തു ദിവസം റിമാൻഡ് ചെയ്തത്.