അന്പലപ്പുഴ: വീടിനു സമീപത്തെ പരസ്യമദ്യപാനം ചോദ്യം ചെയ്ത വിമുക്തഭടനും സഹോദരനായ മുൻ പഞ്ചായത്തംഗത്തിനും മർദനം. മർദിച്ചശേഷം മാലയും മൊബൈൽ ഫോണും അപഹരിച്ചു. അക്രമിസംഘത്തിൽ പെൺകുട്ടിയും. കഴിഞ്ഞ ദിവസം രാത്രി 11 ഓടെ കരുമാടിയിലായിരുന്നു സംഭവം.
വിമുക്തഭടൻ കൂടിയായ തകഴി പഞ്ചായത്ത് രണ്ടാം വാർഡിൽ വിപഞ്ചികയിൽ ഹരികുമാർ (44) സഹോദരനും മുൻ പഞ്ചായത്തംഗവുമായ ഹരി നിവാസിൽ ഗണേഷ് കുമാർ (39) എന്നിവർക്കാണ് മർദനമേറ്റത്. മർദിച്ചശേഷം ഗണേഷ്കുമാറിന്റെ ഒന്നരപവൻ തൂക്കം വരുന്ന സ്വർണമാലയും മൊബൈൽ ഫോണും അക്രമിസംഘം അപഹരിച്ചു.
ഗണേഷ്കുമാറും സഹോദരൻ ഹരികുമാറും കാറിൽ കുടുംബസമേതം ആലപ്പുഴയിൽ പോയി സിനിമ കണ്ട് മടങ്ങിവരുമ്പോളാണ് തങ്ങളുടെ വീടിനു സമീപത്ത് പെൺകുട്ടി അടക്കം നാലുപേർ റോഡിൽ ഇരുന്ന് പരസ്യമായി മദ്യപിക്കുന്നത് കാണുന്നത്.
തുടർന്ന് കാറ് വീട്ടിലിട്ടശേഷം തിരികെവന്ന് റോഡിന്റെ മധ്യത്തിൽ എന്തിനാണ് മദ്യപിക്കുന്നത് എന്ന് ചോദിച്ചതോടെ ഇവർക്കുനേരെ അക്രമം നടത്തുകയായിരുന്നു.
റോഡിനു സമീപത്തു കിടന്ന കരിങ്കൽ ഉപയോഗിച്ച് ഇരുവരുടേയും തലയ്ക്കും മുഖത്തും ഇടിക്കുകയും ഗണേശിന്റെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ച് എടുത്തശേഷം മൊബൈൽ ഫോണും പിടിച്ചുവാങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.