മയ്യിൽ: ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിലെ പ്രതി കണ്ണൂർ ജില്ല വിട്ടതായി പോലീസ്.
കൊലപാതകത്തിന് ശേഷം പ്രതി എറണാകുളം, കോട്ടയം ജില്ലകളിൽ എത്തിയതായി പോലീസിന് സൂചന ലഭിച്ചു.ഈ ജില്ലകളിൽ പോലീസിന് നിർദേശം നല്കിയതായി കണ്ണൂർ എസിപി ടി.കെ. രത്നകുമാർ രാഷ്ട്രദീപികയോട് പറഞ്ഞു.
കാട്ടാമ്പള്ളിയിൽനിന്നു ബൈക്കിലാണ് നിസാം രക്ഷപ്പെട്ടത്.ചിറക്കൽ കീരിയാട് ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ടി.പി. റിയാസാണ് (43) കുത്തേറ്റ് മരിച്ചത്.
കാട്ടാമ്പള്ളി കൈരളി ബാറിൽ വ്യാഴം രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. മദ്യപിച്ചുണ്ടായ തർക്കത്തിനിടെ നിസാം റിയാസിനെ കുത്തുകയായിരുന്നുവെന്ന് മയ്യിൽ പോലീസ് പറഞ്ഞു.
സംഘർഷത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മയ്യിൽ എസ്എച്ച്ഒ ടി.പി.സുമേഷിനാണ് അന്വേഷണ ചുമതല.