ചിങ്ങവനം: പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരുടെ കള്ളുകുടി സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് ഉടൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് കൈമാറും. അതിനു ശേഷമാവും ഇതു സംബന്ധിച്ച തുടർ നടപടിയുണ്ടാവുക. കഴിഞ്ഞ ശനിയാഴ്ച ഉച്ചയൂണ് സമയത്ത് ഓഡിറ്റോറിയത്തിലേക്കുളള ഗോവണിയിൽ ഇരുന്നു മദ്യപിക്കുകയായിരുന്ന ജീവനക്കാരേയാണ് പ്രസിഡന്റ് ഇ.ആർ.സുനിൽകുമാർ നേരിട്ടെത്തി പിടികൂടിയത്.
തുടർന്ന് ചിങ്ങവനം പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. അക്കൗണ്ടന്റ് പി.ആർ. സുനിൽ, പ്യൂണ്‍ കെ.കെ. രമേശൻ എന്നിവരാണ് പിടിയിലായത്. ഇവരെ മെഡിക്കൽ പരിശോധനക്കു ശേഷം പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസെടുത്ത് വിട്ടയക്കുകയായിരുന്നു.
അന്നു തന്നെ പ്രസിഡന്റ് രണ്ടു ജീവനക്കാരെയും സസ്പെൻഡു ചെയ്തെങ്കിലും ഇവർ സസ്പെൻഷൻ ഉത്തരവ് കൈപ്പറ്റിയിരുന്നില്ല. ഇതേ തുടർന്ന് ഉത്തരവ് ഇവരുടെ വീട്ടിലേക്ക് അയച്ചു കൊടുക്കാനുള്ള നടപടി ആരംഭിച്ചിരുന്നു. ഇതിനിടെ ഇന്നലെ ജീവനക്കാർ നേരിട്ട് പഞ്ചായത്തിൽ എത്തി ഉത്തരവ് കൈപ്പറ്റി. പഞ്ചായത്ത് പ്രസിഡന്റിന്റെ സസ്പെൻഷൻ ഉത്തരവ് കാലാവധി ആറ് മാസത്തേക്കാണ്. ഇതിനിടെ ജീവനക്കാർക്ക് അപ്പീൽ നല്‍കാനുള്ള അവസരവുമുണ്ട്.