ചവറ : ചവറ ഗ്രാമ പഞ്ചായത്തിന്റെ വാഹനത്തിൽ മദ്യപാനം നടത്തിയ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. എന്നാൽ ഡ്രൈവർക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് പഞ്ചായത്തംഗങ്ങൾക്കെതിരെ പോലീസ് നടപടിയില്ല. വാഹനം ഓടിക്കുന്ന വ്യക്തി മദ്യപിച്ചിരിന്നിട്ടുണ്ടോ എന്ന പരിശോധന മാത്രമാണ് പോലീസ് നടത്തിയിരിക്കുന്നതെന്നാണ് വിവരം.ഇതിന്റെ അടിസ്ഥാനത്തിലാണ് മദ്യപിച്ച് വാഹനം ഓടിച്ചുവെന്ന വകുപ്പ് ചുമത്തി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
എന്നാൽ പൊതു സ്ഥലത്ത് സർക്കാർ വാഹനത്തിൽ മദ്യപിച്ച ഡ്രൈവർക്കൊപ്പം ഉണ്ടായിരുന്നവർക്കെതിരെ നടപടിയില്ല. ഔദ്യോഗിക ആവശ്യം കഴിഞ്ഞ് കൊല്ലത്ത് നിന്നുമെത്തിയ വാഹനം പഞ്ചായത്തിൽ തിരികെ എത്തിയപ്പോൾ അവിടെ ഉണ്ടായിരുന്നവർ ഡ്രൈവറെ നിർബന്ധിച്ച് വാഹനം കൊണ്ടുപോവുകയായിരുന്നുവെന്നും പറയപ്പെടുന്നു.
ചവറ ഗ്രാമപഞ്ചായത്തിന്റെ വാഹനം ദുരുപയോഗത്തിന് വിട്ട് നില്‍കി അഴിമതിക്ക് കൂട്ട് നില്ക്കുന്ന സെക്രട്ടറിയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ചവറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ ഇന്നലെ പഞ്ചായത്തിന്റെ ഗേറ്റിനു മുന്നിൽ ഉപരോധ സമരം നടത്തിയിരുന്നു.
ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി മുഖം നോക്കാതെ നടപടി എടുക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. എന്നാല്‍ വാഹനം രാത്രി കാലത്ത് എടുത്ത് കൊണ്ട് പോയത് താനറിയാതെ ആണെന്ന് സെക്രട്ടറി ബി.ഷൈലജ പറയുന്നു.എന്നാൽ അനുമതിയില്ലാതെ വാഹനം കൊണ്ടുപോയ സംഭവത്തിൽ ഉത്തരവാദിത്വപ്പെട്ടവർക്കെതിരെ നോട്ടീസ് നൽകി നടപടി കൈക്കൊള്ളുമെന്നും സെക്രട്ടറി പറഞ്ഞു.