തലയോലപറന്പ്: മദ്യം വെള്ളം ചേർക്കാതെ കഴിച്ച് ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കൗമാരക്കാരായ നാലു വിദ്യാർഥികൾ അപകടനില തരണം ചെയ്തു. സ്കുൾ വിദ്യാർഥികൾക്ക് മദ്യം നൽകിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്കെതിരെ പോലീസ് കേസെടുത്തു. ബ്രഹ്മമംഗലം വൈപ്പാടമ്മേലാന് സമീപത്തെ പാടവും ചെറു തോടുകളുമുള്ള ചെന്പാലപ്പാടത്ത് ഇന്നലെ വൈകുന്നേരം അഞ്ചിനാണ് 13നും 16നും മധ്യേ പ്രായമുള്ള നാലു വിദ്യാർഥികളെ ചെളി പുരണ്ട് അവശനിലയിൽ കിടക്കുന്നത് കണ്ടത്.
അബോധാവസ്ഥയിൽകിടന്ന വിദ്യാർഥികളെ ജനപ്രതിനിധികളായ റെജി മേച്ചേരി, ചിത്രലേഖ, തലയോലപ്പറന്പ് അഡീഷണൽ എസ് ഐ കെ .ടി.തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർഥികളെ താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രുഷയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദ്യാർഥികളെ തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
താലൂക്ക് ആശുപത്രിയിൽ കൊണ്ടുവരുന്പോൾ 13ഉം 15ഉം വയസ് പ്രായമുളള രണ്ട് വിദ്യാർഥികൾക്ക് ബോധമില്ലായിരുന്നു. മറ്റു രണ്ടുപേർക്ക് അവ്യക്തമായി സംസാരിക്കാൻ കഴിയുന്ന നിലയിലുമായിരുന്നു. അതീവ ഗുരുതര സ്ഥിതിയിലായിരുന്ന 13കാരനെ പ്രഥമ ശുശ്രൂഷ നൽകി ഉടൻ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
പിന്നീട് രണ്ടു പേരെ ഫയർഫോഴ്സിന്റെ ആംബുലൻസിലും മറ്റൊരു കുട്ടിയെ സ്വകാര്യ ആംബുലൻസിലും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിൽ പോലീസും വൈക്കം ഫയർസ്റ്റേഷൻ അസിസ്റ്റന്റസ്റ്റേഷൻ ഓഫീസർ ടി.ഷാജികുമാർ, ജനപ്രതിനിധികളായ റെജിമേച്ചേരി, ചിത്രലേഖ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഉൗർജിതമാക്കിയത്. മദ്യപിച്ചു അവശനിലയിലായ നാലു വിദ്യാർഥികളും സഹോദരന്റെയും സഹോദരിയുടെയും മക്കളാണ്.
പ്രായപൂർത്തിയാകാത്ത സമീപവാസിയായ സുഹൃത്ത് വിദ്യാർഥികളിലൊരാളുടെ അടുത്ത ബന്ധുവിന്റെ വീട്ടിലെ ഗൃഹപ്രവേശ ചടങ്ങിന്റെ സൽക്കാരത്തിനായി വാങ്ങിയ മദ്യത്തിൽ നിന്ന് ജവാന്റെ ഒരു ലിറ്ററിന്റെ ബോട്ടിൽ വിദ്യാർഥികൾക്ക് രഹസ്യമായി എടുത്തു നൽകി. കുട്ടികൾ ഇത് വെള്ളം ചേർക്കാതെ തുടർച്ചയായി കഴിച്ചതാണ് വിദ്യാർഥികളെ അവശതയിലാക്കിയതെന്നാണ് വിദ്യാർഥികളിലൊരാൾ പോലീസിനു മൊഴി നൽകിയത്.