തലയോലപ്പറന്പ്: ബ്രഹ്മമംഗലത്തെ വിജനമായ പാടത്തു മദ്യപിച്ചു അബോധാവസ്ഥയിൽ കിടന്ന കൗമാരക്കാരായ നാലു വിദ്യാർഥികളെ ജനപ്രതിനിധികളും പോലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർഥികളെ താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രുഷയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ബ്രഹ്മമംഗലം വൈപ്പാടമ്മേലിനു സമീപത്തെ പാടവും ചെറു തോടുകളുമുള്ള ചെന്പാലപ്പാടത്ത് ഇന്നലെ വൈകുന്നേരം അഞ്ചിനാണ് 13നും 16നും മധ്യേ പ്രായമുള്ള നാലു വിദ്യാർഥികളെ പ്രദേശവാസികൾ ചെളിയിൽ പുരണ്ട് അവശനിലയിൽ കിടക്കുന്നതു കണ്ടത്.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ വാർഡംഗം റെജി മേച്ചേരി, തലയോലപ്പറന്പ് പോലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്ഐ കെ.ടി. തോമസ് എന്നിവർ വാഹനമെത്താത്ത സ്ഥലത്തു കിടന്ന കുട്ടികളെ റോഡുവരെ ചുമലിലേറ്റിയാണ് വാഹനത്തിൽ കയറ്റി വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
ആശുപത്രിയിൽ കൊണ്ടുവരുന്പോൾ രണ്ടു വിദ്യാർഥികൾ തീർത്തും അബോധാവസ്ഥയിൽ ആയിരുന്നു. മറ്റു രണ്ടു പേർ അവ്യക്തമായി സംസാരിക്കുന്നുണ്ടായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന പതിമ്മൂന്നുകാരനെ പ്രഥമ ശുശ്രൂഷ നൽകി ഉടൻ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. പിന്നീട് രണ്ടു പേരെ ഫയർഫോഴ്സിന്റെ ആംബുലൻസിലും മറ്റൊരു കുട്ടിയെ സ്വകാര്യ ആംബുലൻസിലും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വൈക്കം ഡിവൈഎസ്പി കെ. സുഭാഷിന്റെ നേതൃത്വത്തിൽ പോലീസും വൈക്കം ഫയർസ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. ഷാജികുമാർ, ജനപ്രതിനിധികളായ റെജി മേച്ചേരി, ചിത്രലേഖ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആശുപത്രിയിലെത്തിച്ചത്. അവശനിലയിലായ നാലു വിദ്യാർഥികളും സഹോദരന്റെയും സഹോദരിയുടെയും മക്കളാണ്. പതിനെട്ടുകാരനായ സുഹൃത്തിനെക്കൊണ്ട് ബിവറേജ് ഷോപ്പിൽനിന്നു വാങ്ങിയ മദ്യം വെള്ളം ചേർക്കാതെ തുടർച്ചയായി അകത്താക്കിയതാണ് വിദ്യാർഥികൾ അവശനിലയിലാകാൻ കാരണമെന്നു പറയുന്നു.
അതേസമയം, ഈ വിദ്യാർഥികളിൽ ഒരാളുടെ പിതൃസഹോദരന്റെ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങ് ഞായറാഴ്ചയായിരുന്നെന്നും തിങ്കളാഴ്ച അതുമായി ബന്ധപ്പെട്ടു നടന്ന സത്കാരത്തിനു വാങ്ങിയ മദ്യം വിദ്യാർഥികളുടെ കൈകളിൽ എത്തിയതാണോയെന്നും സംശയമുയർന്നിട്ടുണ്ട്.
ആശുപത്രിയിലെത്തിച്ച നാലു വിദ്യാർഥികളെ കൂടാതെ ഒരു വിദ്യാർഥികൂടി ഇവർക്കൊപ്പമുണ്ടായിരുന്നെന്നും കുട്ടി വീട്ടിൽ ഉറങ്ങുകയാണെന്നും വിവരം ലഭിച്ചതിനെത്തുടർന്നു ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് ബ്രഹ്മമംഗലത്തെത്തി വിദ്യാർഥിയെ കണ്ടു. കൂട്ടുകാർക്കൊപ്പമുണ്ടായിരുന്നെങ്കിലും ഈ വിദ്യാർഥി മദ്യപിച്ചിരുന്നില്ലെന്നു പോലീസ് അറിയിച്ചു.
കൗമാരക്കാരായ നാലു വിദ്യാർഥികളെ അബോധാവസ്ഥയിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചതറിഞ്ഞ് നിരവധിയാളുകൾ താലൂക്ക് ആശുപത്രിയിൽ തടിച്ചുകൂടി. ഒരു മണിക്കൂറോളം വിദ്യാർഥികൾ വൈക്കം താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞിട്ടും രണ്ടു ജനപ്രതിനിധികളല്ലാതെ വിദ്യാർഥികളുമായി ബന്ധപ്പെട്ടവരാരും ആശുപത്രിയിലെത്തിയില്ല എന്നും ആരോപണമുണ്ട്.
അതേസമയം, വൈക്കം ഡിവൈഎസ്പി കെ. സുഭാഷിന്റെ നേതൃത്വത്തിൽ ബ്രഹ്മമംഗലം ചേന്പാലപാടത്തു നടത്തിയ പരിശോധനയിൽ മദ്യത്തിന്റെ കുപ്പിയും സ്പ്രൈറ്റ് പാനീയത്തിന്റെ ബോട്ടിലുകളും കണ്ടെടുത്തു. ബന്ധുവിന്റെ വീട്ടിലെ ഗൃഹപ്രവേശന ചടങ്ങിന്റെ സൽക്കാരത്തിനു കരുതിയിരുന്ന ബോട്ടിലുകളിലൊന്ന് അയൽക്കാരനായ മുതിർന്ന കൂട്ടുകാരൻ കുട്ടികൾക്കു രഹസ്യമായി എടുത്തു നൽകുകയായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു.