പത്തനാപുരം: മദ്യപസംഘത്തെ ഭയന്ന് ഇനി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കമുകംചേരിയിലെ ഗ്രാമവാസികൾ.പോലീസ് , എക്സൈസ് അധികൃതരോട് പരാതി പറഞ്ഞ് മടുത്തു. കമുകംചേരി വരിക്കോലിക്കൽ,പാവുമ്പ,കുറിങ്ങോട്ട്, അരുവിത്തറ തുടങ്ങിയ പ്രദേശങ്ങളിലാണ് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മദ്യപ സംഘം അഴിഞ്ഞാടുന്നത്.
മദ്യപിച്ച ശേഷം കവലകളിലെത്തുന്ന സംഘം അസഭ്യം വിളിയും അടിപിടിയും നടത്തുന്നത് പതിവാണ്.സ്ത്രീകൾക്കോ കുട്ടികൾക്കോ വീടിനു വെളിയിലിറങ്ങാനോ വഴി നടക്കാനോ പറ്റാത്ത സ്ഥിതിവിശേഷമാണ്. പലപ്പോഴും അടിപിടി കത്തി കുത്തിലും പോലീസ് കേസിലുമാണ് അവസാനിക്കുന്നത് .
സ്കൂളുകൾ, ആരാധനാലയങ്ങൾ എന്നിവയ്ക്ക് സമീപത്തായും മദ്യപ സംഘത്തിന്റെ ശല്ല്യം രൂക്ഷമാണ്.പത്തനാപുരം, പനംപറ്റ തുടങ്ങിയ സർക്കാർ മദ്യവിൽപന ശാലകളിൽ നിന്നും കുറഞ്ഞ വിലയ്ക്കുള്ള മദ്യം,ലിറ്റർ കണക്കിന് വാങ്ങി ആവശ്യക്കാർക്ക് ഉയർന്ന വിലയ്ക്ക് വില്പനയും നടത്തുന്നുണ്ട്.കൂടാതെ വ്യാജ അരിഷ്ടവും സുലഭമാണ്.
മദ്യവില്പനക്കാർക്കും സാമൂഹ്യ വിരുദ്ധശല്യക്കാർക്കുമെതിരായി പോലിസിൽ പരാതി നല്കുന്നവരെ ഭീഷണിപ്പെടുത്തുന്നതിനാൽ പലരും പരാതി പറയാനും മടിക്കുന്നു .റൂറൽ എസ്.പിക്കും , എക്സൈസിനും നിരവധി തവണ പരാതി നല്കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലങ്കിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ നടത്താനൊരുങ്ങുകയാണ് നാട്ടുകാർ.