കറുകച്ചാൽ: മദ്യശാലകളും ബിവറേജസും തുറന്നതോടെ കറുകച്ചാലിൽ വീണ്ടും മദ്യപാനികളുടെ അഴിഞ്ഞാട്ടം. രാവിലെ മുതൽ വൈകുന്നേരം വരെ പാതയോരങ്ങളിലും കടത്തിണ്ണകളിലും ഇരുന്നാണ് മദ്യപാനം. മദ്യപിച്ചു ലക്കുകെട്ടു നടപ്പാതകളിലും കടത്തിണ്ണകളിലും കിടക്കുന്നവർ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
സ്കൂൾ കുട്ടികളടക്കം നൂറുകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന എൻഎസ്എസ് ജംഗ്ഷൻ, പഞ്ചായത്ത്പടി, തീയറ്റർ റോഡ് എന്നിവിടങ്ങളിൽ പലരും മദ്യപിച്ച് അർധനഗ്നരായാണ് കിടക്കുന്നത്. ഇവർ യാത്രക്കാരെ അസഭ്യം പറയുന്നതും പതിവായിരിക്കുകയാണ്.സ്കൂൾ കുട്ടികളും സ്ത്രീകളുമടക്കമുള്ളവർ ഭീതിയോടെയാണ് പലപ്പോഴും സഞ്ചരിക്കുന്നത്. രാത്രി കാലമായാൽ ബിവറേജസിനു സമീപം ബഹളവും അടിപിടിയും പതിവായിരിക്കുകയാണ്.
രാത്രി കാലങ്ങളിൽ ഇടവഴികളിലും കടത്തിണ്ണകളിലും കയറുന്ന മദ്യപാനികൾ കടത്തിണ്ണകളിൽ മലമൂത്ര വിസർജനം നടത്തുകയും കുപ്പികൾ തല്ലിതകർത്തിടുന്നതും പതിവാണെന്നു വ്യാപാരികളും പറയുന്നു. യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന മദ്യപാനികൾക്കെതിരേ കറുകച്ചാൽ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പട്രോളിംഗ് കാര്യക്ഷമമല്ലെന്നും നാട്ടുകാർ പറയുന്നു.