തലശേരി: മാഹിയില്‍ നിന്നും അടിച്ച് പാമ്പായി കേരളത്തില്‍ കടന്ന് വഴിയില്‍ വീണാല്‍ എടുത്തു കൊണ്ടുപോകാന്‍ ഫയര്‍ഫോഴ്സിന്റെ ആംബുലന്‍സ് ഇനിയെത്തില്ല. മാഹി, പന്തക്കല്‍, പള്ളൂര്‍, മൂലക്കടവ് എന്നിവിടങ്ങളില്‍ നിന്നും മദ്യപിച്ച് ലക്ക് കെട്ട് തലശേരിയിലും പരിസര പ്രദേശങ്ങളിലും എത്തി റോഡില്‍ വീഴുന്നവര്‍ ഫയര്‍ ഫോഴ്സിന് തലവേദനയായതോടെയാണ് വെള്ളമടിച്ച് പാമ്പായി വീഴുന്നവരെ രക്ഷിക്കാന്‍ മിന്നല്‍ വേഗത്തിലെത്തേണ്ടെന്ന് ഫയര്‍ ഫോഴ്സ് തീരുമാനിച്ചത്.
ഇത് സംബന്ധിച്ച് വാക്കാലുള്ള ഉത്തരവ് തലശേരിയിലുള്ള ഫയര്‍ ഫോഴ്സ് യൂണിറ്റിന് നല്കിയിട്ടുള്ളതായി ഫയര്‍ ഫോഴ്സ് ജില്ലാ ഓഫീസര്‍ രാജന് രാഷ്ട്രദീപികയോട് പറഞ്ഞു.മാഹി മേഖലയില്‍ നിന്നും മദ്യപിച്ച് ലക്ക് കെട്ടെത്തുന്നവര് തലശേരി പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് വീണു കിടക്കുക പതിവാണ്. പലരുടേയും കിടത്തം കാണുമ്പോള്‍ ജീവന് തന്നെ നിലച്ചതായിട്ടാണ് തോന്നുക.
ഇതോടെ കാഴ്ചക്കാര്‍ക്ക് വെള്ളമടിച്ച കിടപ്പാണോയെന്ന കാര്യത്തില്‍ ഉറപ്പുമുണ്ടാകില്ല. ഒരു ജീവന് രക്ഷിക്കാനായിട്ടുള്ള പൗരബോധമുണരുമ്പോള് ഫോണ്‍ കോള്‍ ഫയര്ഫോഴ്സിലേക്കെത്തും. വിവരം കിട്ടുന്ന ഫയര്‍ഫോഴ്സിന്റെ ആംബുലന്‍സ് ലൈറ്റിട്ട് സൈറൺ മുഴക്കി പാഞ്ഞെത്തും.
പൊതുവെ ഗതാഗത കുരുക്കില്‍ വീര്‍പ്പു മുട്ടുന്ന തലശേരിയിലൂടെ അതി സാഹസികമായിട്ടാണ് ഫയര്‍ഫോഴ്സിന്റെ ആംബുലന്‍സ് എത്തുക. തുടര്‍ന്ന് ആളെ ആംബുലന്‍സിലേക്ക് മാറ്റുമ്പോഴാണ് പലപ്പോഴും മാഹി മദ്യമാണ് വില്ലനെന്ന് മനസിലാകുക. റോഡരുകിലോ ഓവുചാലിലോ കിടക്കുന്ന കുടിയനെ ആശുപത്രിയിലെത്തിക്കാന്‍ പോലീസിനും വേറെ സൗകര്യമില്ല. അവരുടെ വിളിക്ക് ഇപ്പോള്‍ ഫയര്‍ ഫോഴ്സില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഏറെയാണ്.
വിളിക്കുന്ന പോലീസുകാരന്റെ പേരും വീട്ടുപേരും ഫോൺ നമ്പറും ചോദിച്ച് കുടിയനെയല്ല എടുക്കണ്ടത് എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ ഫയര്‍ ഫോഴ്സിന്റെ സൈറൺ മുഴക്കി ആംബുലന്‍സ് ഇനി എത്തുകയുള്ളൂ. ഫയര്‍ ഫോഴ്സിന്റെ ചോദ്യം ചെയ്യലില്‍ പോലീസും അസംതൃപ്തരാണ്. തങ്ങള്‍ ആംബുലന്‍സിന് ഇനി ആരെ ആശ്രയിക്കുമെന്ന ആവലാതിയിലാണ് പോലീസുള്ളത്.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് മാഹി മദ്യം സേവിക്കാന്‍ എത്തുന്നത്. ഇവരുടെ തിരിച്ചു പോക്ക് പലപ്പോഴും തലശേരിയിലെത്തുമ്പോള്‍ അവിടെ റോഡരുകില്‍ അവസാനിക്കും. ഫയര്‍ ഫോഴ്സു കൂടി കൈയൊഴിഞ്ഞതോടെ ഇനിയെന്ത് ചെയ്യുമെന്ന ചിന്തയിലാണ് പോലിസുള്ളത്.