മധ്യപ്രദേശില് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില് ഇരയായ യുവാവിനോട് മാപ്പു പറഞ്ഞ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്.
ആക്രമണത്തിന് ഇരയായ ദശ്മത് റാവത്തിനെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ക്ഷണിച്ച് വരുത്തിയാണ് യുവാവ് ചെയ്ത തെറ്റിന് മുഖ്യമന്ത്രി മാപ്പുപറഞ്ഞത്.
വസതിയില് കാല് കഴുകിയും പൊന്നാട അണിയിച്ചും ദശ്മത്ത് റാവത്തിന് ഗംഭീര സ്വീകരണമാണ് മുഖ്യമന്ത്രി നല്കിയത്.
കസേരയില് ഇരുത്തിയ ശേഷം മുഖ്യമന്ത്രി തന്നെയാണ് കാല് കഴുകലിന് നേതൃത്വം നല്കിയത്.
തുടര്ന്ന് പൊന്നാട അണിയിക്കുകയും മധുരപലഹാരവും സമ്മാനങ്ങളും നല്കുകയും ചെയ്തു. ദശ്മത്ത് റാവത്തിന്റെ പ്രശ്നങ്ങളും പ്രയാസങ്ങളും കേള്ക്കാനും മുഖ്യമന്ത്രി സമയം കണ്ടെത്തി.
‘ആ വീഡിയോ കണ്ട് ഞാന് വേദനിച്ചുപോയി. ഞാന് മാപ്പുപറയുന്നു. ജനങ്ങള് എനിക്ക് ദൈവത്തെ പോലെയാണ്’മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസമാണ് ദശ്മത്ത് റാവത്തിന്റെ മുഖത്ത് യുവാവ് മൂത്രമൊഴിക്കുന്ന ദൃശ്യങ്ങള് പുറത്തുവന്നത്.
സിഗരറ്റ് വലിച്ച് കൊണ്ട് ദശ്മത്ത് റാവത്തിന്റെ മുഖത്ത് പ്രവേശ്് ശുക്ല എന്ന യുവാവ് മൂത്രമൊഴിക്കുന്ന ദൃശ്യങ്ങള് പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയര്ന്നത്.
യുവാവിനെതിരേ ദേശീയ സുരക്ഷാ നിയമം അടക്കം വിവിധ വകുപ്പുകള് അനുസരിച്ച് കേസെടുക്കുകയും ചെയ്തു.