വ്യത്യസ്തവും വിചിത്രവുമായ പല തീരുമാനങ്ങളിലൂടെയും രാജ്യത്തെ ജനങ്ങളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് വിവിധ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലെയും കുട്ടികള്‍ ഇനി മുതല്‍ ക്ലാസില്‍ ഹാജര്‍ വിളിക്കുമ്പോള്‍ ജയ് ഹിന്ദ് എന്ന് പറയണമെന്നാണിപ്പോള്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്.
ഇങ്ങനെ ചെയ്യുന്നതിലൂടെ കുട്ടികളില്‍ രാജ്യസ്‌നേഹം വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം നവംബറിലാണ് വിദ്യാഭ്യാസ വകുപ്പു മന്ത്രി വിജയ് ഷാ ഇത്തരമൊരു നിര്‍ദേശം ആദ്യമായി മുന്നോട്ടു വച്ചത്. ഹാജര്‍ വിളിക്കുമ്പോള്‍ യെസ് സര്‍, യെസ് മാം എന്ന് പറയുന്ന രീതിക്ക് പകരമായി ജയ്ഹിന്ദ് എന്ന വിളികേള്‍ക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഈ നിര്‍ദേശം ആരെങ്കിലും എതിര്‍ക്കുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. സതാന ജില്ലയിലെ സ്‌കൂളുകളില്‍ ഈ പരിഷ്‌കാരം നടപ്പാക്കി വിജയിച്ചശേഷമാണ് സംസ്ഥാനവ്യാപകമായി ഇത് നടപ്പാക്കാന്‍ തീരുമാനമായത്. ഈ അധ്യയന വര്‍ഷാരംഭം മുതല്‍ സംസ്ഥാനത്തെ 1,22,000 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആദ്യപടിയായി ഈ ഉത്തരവ് നടപ്പാക്കും.
പിന്നാലെ സ്വകാര്യ സ്‌കൂളുകളിലും ഇത് നടപ്പാക്കാനാണ് ശിവരാജ്സിംഗ് ചൗഹാന്‍ സര്‍ക്കാരിന്റെ തീരുമാനം. വാര്‍ത്ത പുറത്തു വന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.