തൃശൂർ: കേരളത്തിന്റെ മധ്യ ജില്ലയെന്ന് അറിയപ്പെടുന്ന തൃശൂരിനെ കേരളത്തിലെ “മദ്യ’ ജില്ലയുമാക്കി മാറ്റുന്നു.പുതുതായി ആരംഭിക്കാൻ ബിവറേജസ് കോർപറേഷൻ ശിപാർശ ചെയ്ത 175 മദ്യക്കടകളിൽ ഏറ്റവും കൂടുതൽ തുടങ്ങുന്നതു തൃശൂർ ജില്ലയിലാണ്; 23 എണ്ണം. തൃശൂർ കോർപറേഷൻ പരിധിയിൽ രണ്ടു കടകൾകൂടി തുറക്കും.
മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്നവരുടെ “വിഷമം’ കണ്ടാണ് കൂടുതൽ കടകൾ തുടങ്ങാനുള്ള സർക്കാരിന്റെ തീരുമാനം. ക്യൂ നിന്ന് ആളുകൾ വലയുകയാണത്രേ.
സർക്കാരിന് ഇത്രയധികം വരുമാനം നൽകുന്നവരെ ബുദ്ധിമുട്ടിക്കുന്നതു ശരിയല്ലെന്നാണ് ന്യായീകരണം. (റേഷൻ കടകളിലും മറ്റും ക്യൂ നിന്നു വിഷമിക്കുന്നവരെക്കുറിച്ചു ചോദിക്കരുത്. അവർ സർക്കാരിനു വരുമാനമൊന്നും ഉണ്ടാക്കിക്കൊടുക്കുന്നില്ലോ.)
മദ്യവർജനം നടപ്പാക്കുമെന്നു പ്രഖ്യാപിച്ച് അധികാരത്തിൽ വന്ന സർക്കാർ കൂടുതൽ മദ്യക്കടകൾ തുടങ്ങുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും അതൊന്നും പരിഗണിക്കപ്പെടുന്നില്ല.
തിരുവനന്തപുരത്ത് 22, ആലപ്പുഴയിൽ 21 എന്നിങ്ങനെ പുതിയ കടകൾ തുടങ്ങാനാണ് ശിപാർശ. ടൂറിസം കേന്ദ്രങ്ങൾ എന്ന പരിഗണനയിൽ അതിരപ്പിള്ളി, മലന്പുഴ, ആലപ്പുഴ ബീച്ച്, കോവളം, നെയ്യാർ ഡാം, മണ്റോ തുരുത്ത്, മാരാരി ബീച്ച് എന്നിവിടങ്ങളിലും പുതിയ മദ്യക്കടകൾ തുറക്കും.
കേരളത്തിലെ നഗരങ്ങളിലാകെ 91 മദ്യക്കടകളും ഗ്രാമങ്ങളിൽ 84 കടകളും തുടങ്ങണമെന്നാണ് ബവ്കോ സർക്കാരിനു നൽകിയിരിക്കുന്ന നിർദേശം.
പല സ്ഥലങ്ങളിലും നിലവിൽ മദ്യക്കടകളുണ്ട്. ഇവിടെയുള്ള തിരക്ക് കണക്കിലെടുത്താണ് പുതിയ കടകൾ തുടങ്ങാൻ നിർദേശം.
തൃശൂർ ജില്ലയിലാണ് മദ്യക്കച്ചവടത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നതത്രേ. വിശേഷ ദിവസങ്ങളിൽ കോടികളുടെ വില്പന നടത്തി മുന്നിലെത്തുന്നതും ജില്ലയിലെ മദ്യക്കടകളാണ്.
ഏറ്റവും കൂടുതൽ കുടിയൻമാരുള്ള ജില്ലയായി തൃശൂരിനെ പ്രഖ്യാപിക്കുന്നതിനു തുല്യമാണ് ഇത്തരത്തിൽ കണക്കുകൾ നോക്കി കൂടുതൽ മദ്യക്കടകൾ ഇവിടെ തുടങ്ങാനുള്ള തീരുമാനത്തിനു പിന്നിലെന്നു മദ്യവിരുദ്ധ പ്രവർത്തകർ കുറ്റപ്പെടുത്തുന്നു.