റിയാദ്: സൗദി അറേബ്യയിൽ ഇതാദ്യമായി മദ്യശാല തുറക്കുന്നു. തലസ്ഥാനമായ റിയാദില്‍ മുസ് ലിം ഇതര നയതന്ത്രജ്ഞര്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന രീതിയിലാണ് മദ്യശാല വരുന്നത്.
എംബസികളും നയതന്ത്രജ്ഞരും താമസിക്കുന്ന സമീപപ്രദേശമായ റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലാണ് പുതിയ സ്റ്റോര്‍ തുറക്കുന്നത്. അമുസ് ലിമുകള്ക്ക് മാത്രമായി ഈ സേവനം കര്‍ശനമായി പരിമിതപ്പെടുത്തും.
അതേസമയം മറ്റ് അമുസ് ലിം പ്രവാസികള്‍ക്ക് സ്റ്റോറിലേക്ക് പ്രവേശനം ലഭിക്കുമോ എന്ന് വ്യക്തമല്ല. സൗദി അറേബ്യയില്‍ താമസിക്കുന്ന ദശലക്ഷക്കണക്കിന് വരുന്ന പ്രവാസികളിൽ ഭൂരിഭാഗവും ഏഷ്യയില്‍നിന്നും ഈജിപ്തില്‍നിന്നുമുള്ള മുസ് ലിം തൊഴിലാളികളാണ്.
മദ്യം ലഭിക്കാന്‍ യോഗ്യതയുള്ള ഉപഭോക്താക്കള്‍ ഒരു മൊബൈല്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണം. ഇവര്‍ക്ക് പിന്നീട് വിദേശകാര്യ മന്ത്രാലയത്തില്‍നിന്ന് ക്ലിയറന്‍സ് കോഡ് നേടി മദ്യം വാങ്ങാം.
പ്രതിമാസ ക്വാട്ട നിശ്ചയിച്ചായിരിക്കും മദ്യം ലഭിക്കുക. അടുത്തയാഴ്ചത്തന്നെ സ്റ്റോര്‍ തുറക്കുമെന്നാണ് പ്രതീക്ഷ. ഇസ് ലാം മതത്തില്‍ മദ്യപാനം നിഷിദ്ധമായതിനാല്‍ തീവ്ര യാഥാസ്ഥിതിക മുസ് ലിം രാജ്യമായ സൗദിയില്‍ മദ്യശാലകള്‍ക്ക് അനുമതിയില്ലായിരുന്നു.
നയതന്ത്ര തപാല്‍ വഴിയോ കരിഞ്ചന്തയില്നിന്നോ മാത്രമേ രാജ്യത്ത് ഇതുവരെ മദ്യം ലഭ്യമായിരുന്നുള്ളൂ. മദ്യപാനത്തിനു പിടിക്കപ്പെട്ടാൽ ചാട്ടവാറടി, നാടുകടത്തല്‍, പിഴ അല്ലെങ്കില്‍ തടവ് എന്നിങ്ങനെ ശിക്ഷയുമുണ്ടായിരുന്നു.
വിനോദസഞ്ചാരത്തിനും ബിസിനസിനും രാജ്യം കൂടുതല്‍ സ്വാതന്ത്ര്യത്തോടെ തുറന്നുകൊടുക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങളിലെ നാഴികക്കല്ലാണ് പുതിയ നീക്കം.