മധ്യവേനലവധിക്കാലത്തു പഴയതലമുറയിലെ കുട്ടികൾ പകൽ മുഴുവൻ മാവിൻ ചുവടുകളിലും കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലുമായിരുന്നു. കൂട്ടുകൂടി വിയർപ്പൊഴുക്കി പലവിധ നാടൻകളികളിൽ അവർ ഏർപ്പെട്ടു. അതവരുടെ ശരീരത്തിലും മനസിലും ഊർജം നിറച്ചു. പുസ്തകങ്ങളിലില്ലാത്ത ഒരുപാടു പാഠങ്ങൾ പഠിച്ചു…. നാടൻകളികളുടെയും കുട്ടിക്കൂട്ടായ്കളുടെയും പോയകാലത്തെക്കുറിച്ചുള്ള ഓർമകൾ…
എണ്പതുകളിലെ കേരളത്തിലെ ഒരു ഗ്രാമം. അവധിക്കാലം. വെയിലിനു ചൂടു പിടിച്ചിട്ടില്ല. ഗ്രാമനിശബ്ദതയിൽ കുട്ടികളുടെ ആരവം. പ്രദേശത്തെ ചക്കരമാവിൻ ചുവട്ടിൽ പല പ്രായക്കാരായ കുട്ടികൾ. മാവിനു നല്ല വലിപ്പം. രണ്ടുമൂന്നു പേർ കൈകോർത്തു പിടിച്ചാലും എത്താത്തത്ര. മാവ് നിറയെ മാങ്ങ. ഒറ്റ പുല്ല് പോലുമില്ലാതെ മുറ്റംപോലെ മാവിൻചുവട്. കുട്ടികൾ കളിക്കു വട്ടംകൂട്ടുകയാണ്.
ആദ്യം ഏതു കളി വേണമെന്ന ചർച്ച നടക്കുന്നു. കൂടുതൽ കുട്ടികൾ എത്തിക്കൊണ്ടിരിക്കുന്നു. ആണ്കുട്ടികൾ മാത്രമല്ല പെണ്കുട്ടികളുമുണ്ട്. ഒടുവിൽ സാറ്റ് കളിയിൽ ഉറപ്പിച്ചു. എണ്ണാനായി ഒരാളെ നിശ്ചയിച്ചു. മാവിനോടു ചേർന്നുനിന്ന് കണ്ണുപൊത്തി എണ്ണൽ തുടങ്ങി. 1, 2, 3, 4….. മറ്റുള്ളവർ ഓടിമറയുന്നു. നൂറുവരെ എണ്ണിക്കഴിയുന്നതോടെ ആകെ നിശ്ചലം. എണ്ണിയ ആളല്ലാതെ മറ്റാരുമില്ല രംഗത്ത്.
ഒളിച്ചവരെ കണ്ടുപിടിക്കാൻ എണ്ണിയയാൾ നീങ്ങുന്നു. കുറ്റിക്കാടും കുഴിയും മരത്തിന്റെ മറവുമെല്ലാം നോക്കിയാണു നടത്തം. അതിനിടെ പിന്നിൽ സാറ്റേ..!!! എന്ന അലർച്ച. എണ്ണിയ മാവിന്റെതന്നെ പിന്നിൽ പതുങ്ങിയവനാണ്. എണ്ണിയവൻ ചെറിയചമ്മലോടെ മറ്റുള്ളവരെ പരതുന്പോൾ ഒരുത്തനെ കണ്ണിൽപെടുന്നു. കണ്ടുപിടിക്കപ്പെട്ടവനും കണ്ടുപിടിച്ചവനും മാവിൻചുവട്ടിലേക്കു പായുന്നു. ഓട്ടത്തിൽ ജയിച്ചത് എണ്ണിയവൻ. മാവിൽ തൊട്ടു സാറ്റ് വച്ചു വിജയാഹ്ളാദം. അടുത്ത കളിക്ക് എണ്ണേണ്ടവൻ കണ്ണിൽപ്പെട്ടവൻ. സാറ്റ് വച്ചും സാറ്റ് വയ്ക്കപ്പെട്ടും മുഴുവൻ പേരും പുറത്തെത്തുന്നതോടെ അടുത്ത കളിക്കുള്ള എണ്ണലായി.
എത്ര കളിച്ചാലും…
വെയിൽ മൂക്കുന്നതോടെ കാറ്റിനു ശക്തി കൂടും. മാവിൻകൊന്പുകൾ ഉലഞ്ഞു മാന്പഴം വീഴാൻ തുടങ്ങും. വീണില്ലേൽ എറിഞ്ഞു വീഴ്ത്തും. കിട്ടുന്നവർ പങ്കുവയ്ക്കും. ദാഹിക്കുന്പോൾ അടുത്ത കിണറിൽനിന്നു വെള്ളം കോരി മടുമടാ കുടിക്കും. വിശപ്പിനൊപ്പം വീടെന്ന ചിന്തയും മറക്കും. സാറ്റുകളി മടുക്കുന്പോൾ വേറെ കളികളായി. കുട്ടിയും കോലും, അടിച്ചിട്ട് ഓട്ടം, ചൂടുതണുപ്പ്, പടകളി…. കളികൾ മാറിക്കൊണ്ടിരിക്കും. ഇടയ്ക്കു ചിലർ ഓടി വീടുകളിൽ പോയി അതേ വേഗത്തിൽ തിരിച്ചെത്തും. ചിലരെത്തേടി വീട്ടുകാരെത്തും. ഒന്നു രണ്ടുപേർ പോയാലും കളികൾ തുടരും. എത്ര കളിച്ചാലും മതിവരില്ല. മടുപ്പുമില്ല. ക്ഷീണമാകട്ടെ ഒട്ടുമില്ല.
വെയിൽ ചാഞ്ഞു തുടങ്ങുന്നതോടെ പറന്പു വിട്ടു പാടത്തേക്ക് ഇറങ്ങും. കൊയ്ത്തു കഴിഞ്ഞ വിശാലമായ പാടം. ഇരുവശത്തും രണ്ടു കൊന്പുകൾ വീതം നാട്ടിയ ഫുട്ബോൾ ഗ്രൗണ്ട്. അടുത്തുതന്നെ നെറ്റിനു പകരം കയർ വലിച്ചുകെട്ടിയ വോളിബോൾ കോർട്ട്. കളിക്കാൻ കുട്ടികൾക്കു പുറമേ മുതിർന്നവരും. കാഴ്ചക്കാരായും ആളുകൾ. കളിക്കാരുടെ എണ്ണം കൂടിയാൽ അടുത്ത കണ്ടത്തിലും കോലുകൾ നാട്ടി മറ്റൊരു ഗ്രൗണ്ടൊരുക്കും. ഗോളുകളും പോയിന്റുകളും നേടുന്പോൾ നാടു കുലുങ്ങുംവിധം കൂട്ടയൊച്ചകൾ. സന്ധ്യ മയങ്ങി പന്ത് കാണാൻ പറ്റാതെ വരുന്നതുവരെ നീളും കളി.
മാടം കെട്ടി, മണ്ണപ്പം ചുട്ട്…
മധ്യവേനലവധിക്കാലത്തു കുട്ടികളെ പണ്ടു പകൽ വീടിനുള്ളിൽ കാണാൻ കഴിഞ്ഞിരുന്നില്ല. കുട്ടികളുടെ സാന്നിധ്യമില്ലാത്ത മാവിൻചുവടുകളും ഇല്ലായിരുന്നു. മാന്പഴം വീഴുന്ന മാവിന്റെ ചുവട്ടിൽ അവർ മാടങ്ങൾ കെട്ടി. ചിരട്ടകളിൽ മണ്ണുകൊണ്ടു കഞ്ഞിയും കറിയും വച്ചു. മണ്ണപ്പം ചുട്ടു. പാട്ടുകൾ പാടി. കഥകൾ പറഞ്ഞു. നാടകം കളിച്ചു. രണ്ടാംവീടും പരിശീലനക്കളരിയുമായിരുന്നു കുട്ടികൾക്ക് അവിടം. ഗുരുക്കന്മാരില്ലാതെ അവർ പല പാഠങ്ങളും പഠിച്ചു. കൂട്ടുകൂടി കൂട്ടുവെട്ടി ബന്ധങ്ങളുടെ വിലയറിഞ്ഞു. കളിചിരികളിൽ മനസിലും ശരീരത്തിലും ഊർജം നിറച്ചു. ഒന്നിന്റെയും വേർതിരിവുകൾ അവർക്കിടയിൽ ഉണ്ടായിരുന്നില്ല.
കുട്ടിക്കളികളല്ല നാടൻകളികൾ. ശക്തിക്കു പുറമെ ബുദ്ധിയും കളികളിൽ പരീക്ഷിക്കപ്പെടുന്നു. ഏകാഗ്രതയും നിരീക്ഷണ പാടവവും കളിക്കാരിൽ ഉണരുന്നു. ഓരോ ചുവടിലും കരുതൽ നിറയുന്നു. വിജയ പരാജയങ്ങളുടെ മധുരവും കയ്പും രുചിച്ചറിയുന്നു. ചിരിയുടെയും കരച്ചിലിന്റെയും ചൂടറിയുന്നു. ബുദ്ധിയും ശരീരവും ഉറച്ചു വ്യക്തിത്വം രൂപപ്പെടും ഘട്ടത്തിൽ കുട്ടികൾക്ക് ഇതിലും നല്ല തട്ടകം വേറെ കിട്ടാനില്ല.
റഫറിയില്ല, അന്പയറും…
കണിശമായ നിയമങ്ങൾ നാടൻകളികൾക്കില്ല. ദേശത്തിനും ഭാഷയ്ക്കും ലിംഗത്തിനുമനുസരിച്ച് അതു മാറുന്നു. സാഹചര്യം കണക്കാക്കി കളിക്കിടയിൽത്തന്നെ മാറ്റം വരുത്തും. റഫറിയോ അന്പയറോ ഇല്ല. ചില കളികൾ കുട്ടികൾതന്നെ ഉണ്ടാക്കും. പലകളിക്കും പലയിടത്തും പലപേരാണ്. കുട്ടിയും കോലും കളിക്ക് ഉണ്ടയും കോലും, ഇട്ടീം കോലും, ചൊട്ടയും മണിയും, കൊട്ടിയും പൂളും എന്നിങ്ങനെ കേരളത്തിൽതന്നെ പേരു പലവിധം.
ഉത്തരേന്ത്യയിൽ ഗുല്ലിസണ്ട എന്നാണ് ഇതിനു പേര്. കളികൾകൊണ്ടു പലതുണ്ടു ഗുണം. ഉന്മേഷവും ആഹ്ളാദവും കളികളിൽനിന്നു കിട്ടുന്നു. സമ്മർദങ്ങൾ ഒഴിയുന്നു. പരസ്പരം കീഴടക്കാനുള്ള മനുഷ്യവാസനയുടെ സഫലീകരണവും കളികളിൽ ഉണ്ടാകുന്നു. ഗ്രാമങ്ങളിൽ കൂട്ടുകൂടി കളിച്ചു വളർന്നവർക്കു കരുത്തു കൂടും. ലോകമറിയുന്ന പല കായികതാരങ്ങളും ഗ്രാമങ്ങളുടെ സംഭാവനയാണ്.
പാടങ്ങൾ പോയി, കളികളും…
തലനിവർത്തി തണൽവിരിച്ചു നിന്നിരുന്ന നാടൻമാവുകൾ ഇന്നു കാണാനില്ല. പാടങ്ങളുടെ വിശാലതയില്ല. കളിക്കാരുടെ ആരവങ്ങൾ കേൾക്കാനില്ല. കുട്ടികളെ വീട്ടുകാർ പുറത്തുവിടുന്നില്ല. ടിവിയും കംപ്യൂട്ടറും ഫോണും വിട്ടു പുറത്തുപോകാൻ കുട്ടികൾ താത്പര്യം കാട്ടുന്നുമില്ല. ഇനി പോകാമെന്നു വച്ചാൽ കളിക്കാൻ ഇടമില്ല. കുട്ടിക്കൂട്ടങ്ങളില്ല. മധ്യവേനലവധി പണ്ടത്തെ കുട്ടികൾക്ക് അതിരുകളില്ലാത്ത ആഘോഷങ്ങളുടെ അവസരമായിരുന്നു.
വർഷാവസാന പരീക്ഷ കഴിയുന്പോൾതന്നെ കുട്ടികളെ ഇപ്പോൾ അടുത്ത പരീക്ഷയ്ക്കുള്ള ട്യൂഷനു വിടുന്നു. അവധിക്കാലം എന്തെന്നറിയാതെയാണു പുതുതലമുറയുടെ വളർച്ച.പിച്ചവയ്ക്കും മുന്പേ ക്രഷുകളിലും പ്ലേ സ്കൂളുകളിലും കുട്ടികൾ എത്തപ്പെടുന്നു. കർശനനിയമങ്ങളുടെ വീർപ്പുമുട്ടലിൽ അവരുടെ ശൈശവകാലം അവിടെ തീരുന്നു. ഉറങ്ങാനും ഉണരാനും ടൈംടേബിൾ.
ഉറക്കംവരാത്ത കുട്ടികളെ ഭീഷണിപ്പെടുത്തി ഉറക്കും. കുട്ടികളുടെ വികൃതികൾ പണ്ട് ആളുകൾ ആസ്വദിച്ചിരുന്നു. ഇന്ന് അമ്മമാർക്കുപോലും സഹിക്കാനാകുന്നില്ല. കിടക്കയിൽ മുള്ളിയാലും രാത്രി കരഞ്ഞാലും ജീവൻവരെ നഷ്ടപ്പെടും. ഒന്നിനും സ്വാതന്ത്ര്യമില്ലാതെ കൂട്ടിലടയ്ക്കപ്പെട്ട കിളികൾപോലെ കുഞ്ഞുങ്ങൾ. മൂന്നുനാലു പതിറ്റാണ്ടു മുന്പു ജനിച്ചവർ ഇത്ര ഭാഗ്യംകെട്ടവരായിരുന്നില്ല.
വില്ലനായി ക്രിക്കറ്റ്…
കാലത്തിന്റെ ഈ മാറ്റത്തിൽ പ്രതികളില്ല. ഇരകളേയുള്ളൂ. ടിവിയും കംപ്യൂട്ടറും മൊബൈലും ഇന്റർനെറ്റും അണുകുടുംബങ്ങളുമാണ് ആകെ മാറ്റിമറിച്ചത്. വിനോദങ്ങൾ വീട്ടിനുള്ളിലെത്തിയപ്പോൾ പുറത്തുള്ളവ വേണ്ടാതായി. പുതുതലമുറ മാത്രമല്ല പഴയ തലമുറയും ഈ മാറ്റത്തെ ആവേശത്തോടെ സ്വീകരിച്ചു. മാറ്റത്തിനൊത്തു മാറാതിരുന്നവർ പഴഞ്ചരായി. അപമാനിതരായി.
ക്രിക്കറ്റാണ് നാടൻകളികളുടെ പതനത്തിന്റെ മറ്റൊരു വില്ലൻ. 1983ൽ ഇന്ത്യ ലോകകിരീടം ചൂടിയതോടെ ക്രിക്കറ്റ് ജ്വരമായി പടർന്നു. ആ ജ്വരത്തീയിൽ നാടൻകളികൾ ചാന്പലായി. ഫുട്ബോളും വോളിബോളും പിടിച്ചുനിന്നെങ്കിലും പാടങ്ങൾ അപ്രത്യക്ഷമായതോടെ അവയും തലതാഴ്ത്തി. പുതുതലമുറയുടെ താൽപര്യം ക്രിക്കറ്റും പിന്നെ ഫുട്ബോളും എന്നതിലൊതുങ്ങി. അതുതന്നെ കാണുന്നതിൽ മാത്രം, കളിക്കുന്നതിലില്ല.
ക്രിക്കറ്റ് ലഹരി ലോകമാകെ പടരുന്പോൾ മലയാളിക്കു വേണേൽ അഭിമാനിക്കാം. ഞങ്ങളുടെ പഴയതലമുറ കളിച്ചുനടന്ന കുട്ടിയും കോലുമാണു ക്രിക്കറ്റായി പരിണമിച്ചതെന്നു പറഞ്ഞ്. ഒരു വലിയകോലും ചെറിയകോലുമാണു കുട്ടിയും കോലും കളിക്കാൻ വേണ്ടത്.
നാലിഞ്ച് വലിപ്പത്തിൽ ഒരു കുഴി കുഴിച്ചു ചെറിയകോൽ കുഴിക്കു കുറുകെവച്ചു വലിയ കോലുകൊണ്ടു തോണ്ടിയെറിയുന്നു. തെറിച്ചു പൊങ്ങുന്ന ചെറിയകോൽ കളിക്കളത്തിലുള്ള ആരെങ്കിലും പിടിച്ചാൽ തോണ്ടിയയാൾ ഔട്ട്. ക്രിക്കറ്റിൽ ക്യാച്ച് എടുക്കുംപോലെ. ചെറിയകോൽ ആരും പിടിച്ചില്ലേൽ വീണ സ്ഥലത്തുനിന്ന് എതിരാളി എറിയുന്നു.
കുഴിയുടെ അടുത്തുനിൽക്കുന്നയാൾ അതു ബാറ്റ്സ്മാനെപോലെ അടിച്ചകറ്റുന്നു. ചെറിയ കോൽ വീഴുന്നത് എവിടെയോ, അവിടെനിന്നു വലിയകോൽകൊണ്ട് അളന്നു പോയിന്റ് കണക്കാക്കുന്നു. ക്രിക്കറ്റിൽ പന്ത് അടച്ചുപറത്തി റണ് എടുക്കുന്നതിനു തുല്യം. സാമ്യങ്ങൾ ഏറെയുണ്ടെങ്കിലും കുട്ടിയുംകോലും കളിയിൽനിന്നാണു ക്രിക്കറ്റ് രൂപപ്പെട്ടതെന്നതിനു സ്ഥിരീകരണമൊന്നുമില്ല. എന്നിരുന്നാലും കേരളത്തിൽ പണ്ടുകാലത്ത് ഏറെ പ്രചാരമുണ്ടായിരുന്ന ഒരു കളിയുടെ പുത്തൻരൂപമാണു ക്രിക്കറ്റ് എന്നു മേനി പറയാം. കാലപ്രവാഹത്തിൽ മറഞ്ഞുപോയ നാടൻകളികളെക്കുറിച്ചുള്ള ആവലാതികൾക്കിടയിൽ ഇങ്ങനെയൊരു ആശ്വാസമാകാം.
തലയ്ക്കുപിടിക്കും ഗെയിം…
ഇന്നത്തെ കുട്ടികൾ കളിക്കുന്നില്ലെന്നു പറഞ്ഞാൽ അതു പൂർണാർഥത്തിൽ ശരിയല്ല. ഇന്റർനെറ്റിന്റെ അതിവിശാലതയിൽ അഭിരമിക്കുന്ന അവർക്കു മാനസികോല്ലാസത്തിനു വഴികൾ അനവധി. കംപ്യൂട്ടർ ഗെയിമുകളിൽ കുട്ടികൾ മാത്രമല്ല മുതിർന്നവരും മുഴുകുന്നു. പബ്ജി, ഫ്രീ ഫയർ, ഫ്ലാഷ് ഓഫ് ക്ലാൻസ്, ഗ്രാന്റ് തീവ്സ് ഓട്ടോ തുടങ്ങിയ ഗെയിമുകളിൽ ദിവസവും മണിക്കൂറുകളാണു ചെലവഴിക്കുന്നത്.
ബ്ലൂ വെയിൽ ഉൾപ്പെടെയുള്ള അപകടകരമായ ചലഞ്ചുകളുമുണ്ട്. ഇതിനൊപ്പം വാട്സ് ആപ്പും ഫേസ്ബുക്കും പോലുള്ളവ വേറെ. അശ്ലീല സൈറ്റുകളുടെ ആകർഷണവും കുട്ടികളെ ഇന്റർനെറ്റിലേക്കു വലിച്ചടിപ്പിക്കുന്നു. വീഡിയോ ഗെയിമുകൾ പലതും കുട്ടികളുടെ മാനസികാവസ്ഥയ്ക്കു ദോഷം ചെയ്യുന്നവയാണെന്നു പഠനങ്ങൾ പറയുന്നു. തോക്കുകൾകൊണ്ടുള്ള കളികൾ അക്രമവാസന വളർത്തുന്നു. ചെറുപ്പത്തിൽതന്നെ ജീവിതശൈലി രോഗങ്ങളുടെ പിടിയിൽ ഇവർ പെടുന്നു.
വെയിലിൽ വാടുന്നവർ….
സ്കൂളിൽ മറ്റു കുട്ടികളുമായി കൂട്ടുകൂടാനും കളിക്കാനും പരിധികളുണ്ട്. പാഠ്യേതര കാര്യങ്ങൾ സ്കൂളുകളിൽ പ്രഹസനമാകുന്നു. പച്ചയായ ജീവിതയാഥാർഥ്യങ്ങൾ അറിയാനും അനുഭവിക്കാനും അവസരങ്ങൾ കുറവ്. അതിന്റേതായ കുറവുകൾ പുതുതലമുറ കുട്ടികളിൽ പ്രകടം. ചെറിയ പ്രതിസന്ധികളിൽപോലും അവർ തളർന്നുവീഴുന്നു. പരാജയങ്ങൾ എല്ലാറ്റിന്റെയും അവസാനമായി കാണുന്നു.
കുട്ടിക്കാലത്തു നാട്ടിലിറങ്ങി മറ്റു കുട്ടികളുമായി ഇടപഴകിയും കളിച്ചും സ്വയമാർജിതമാകേണ്ട മാനസികക്കരുത്ത് ഇല്ലാത്തതുതന്നെയാണു പ്രധാനകാരണം. മക്കളെക്കുറിച്ചുള്ള പുതുതലമുറമാതാപിതാക്കളുടെ അമിതപ്രതീക്ഷകളും വളർത്തുദോഷങ്ങളും കുട്ടികളെ കൂടുതൽ ദുർബലരാക്കുന്നു.
മാനസികാരോഗ്യ വിദഗ്ധർക്കും മോട്ടിവേറ്റർമാർക്കും കൗണ്സലർമാർക്കും ഈ സാഹചര്യങ്ങൾ ചാകരയൊരുക്കുന്നു. സമ്മർദങ്ങളാൽ ഉലഞ്ഞ കുട്ടികളെ ഉപദേശങ്ങളിലൂടെ മാത്രം കരുത്തരാക്കുന്നതിൽ വിദഗ്ധരും പരാജയമാകുന്നു. അനുഭവം എന്ന ഉത്തമഗുരുവിന്റെ അഭാവം ഇവിടെ സ്പഷ്ടമാക്കപ്പെടുന്നു.
ആരുടെയും ചൂണ്ടുവിരലുകൾ ഉയരാത്ത മാവിൻചുവടുകളിലും പാടത്തും കളിച്ചതിന്റെ അനുഭവസന്പത്തും അനുഭൂതിയും ഫീസ് വാങ്ങി നടത്തുന്ന പരിശീലനക്കളരികളിലും അവധിക്കാല ക്യാന്പുകളിലുംനിന്നു കിട്ടുന്നില്ല. തീയിൽ കുരുത്തതു വെയിലത്തു വാടില്ലെന്നാണു ചൊല്ല്. കുട്ടികൾ വെയിൽ കൊണ്ടെങ്കിലും വളരണം. എങ്കിലേ തണലിലെങ്കിലും വാടാതിരിക്കൂ.
മനുഷ്യചരിത്രത്തോളം…
തലമുറകൾ കൈമാറി കിട്ടിയവയാണു നാടൻകളികളും നാടൻവിനോദങ്ങളും. പ്രാദേശികമോ മതപരമോ ആയ സംസ്കാരങ്ങളുടെ ദാനം. മനുഷ്യചരിത്രത്തോളം ഇവയ്ക്കു പഴക്കമുണ്ട്. ഇതിഹാസങ്ങളിലും പുരാണങ്ങളിലും നാടൻവിനോദങ്ങളെക്കുറിച്ചു പറയുന്നു. സംഘകാലകൃതികളിൽ പന്തുകളി, വട്ടുകളി, ചൂതുകളി എന്നിവയെപ്പറ്റി പരാമർശമുണ്ട്. നൂറ്റാണ്ടുകൾ പലതു പിന്നിട്ടുവന്ന ഇവയാണു ചെറിയകാലത്തിനുള്ളിൽ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായത്. കാലം ഭാവിയിലേക്ക് എന്താണാവോ കരുതിയിരിക്കുന്നത്? കണ്ടുതന്നെ അറിയണം.
-എം. റോയ്