കാഞ്ഞിരപ്പള്ളി: ഇനിയുള്ള രണ്ടു മാസം കുട്ടികൾക്ക് ആഘോഷങ്ങളുടെ കാലമാണ്. മധ്യവേനൽ അവധിക്കായി സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും അടച്ചതോടെ നാട്ടിലെ കളിക്കളങ്ങളിൽ കുട്ടികൾ സജീവമായി.രാവിലെ മുതൽ ബാറ്റും ബോളുമായി കുട്ടികൾ ഗ്രൗണ്ടുകളിൽ തന്നെയുണ്ട്.
അവധിക്കാലം തുടങ്ങിയതോടെ കുട്ടികൾക്കായി വിവിധ സംഘടനകളുടെ വകയായി വോളിബോൾ, ഫുട്ബോൾ, ഷട്ടിൽ തുടങ്ങിയ കോച്ചിംഗ് ക്യാന്പുകൾ തുടങ്ങി. കൂടാതെ സംഗീതം, നൃത്തം, വാദ്യോപകരണങ്ങൾ എന്നിവയുടെ അവധിക്കാല പരിശീലന ക്ലാസുകളും പലയിടങ്ങളിലും ആരംഭിച്ചിട്ടുണ്ട്.
അവധിക്കാല സീസണിൽ വിറ്റഴിക്കുവാനായി പുതിയയിനം സൈക്കിളുകളുമായി സൈക്കിൾ ഷോപ്പ് ഉടമകൾ ആനുകൂല്യ പ്രഖ്യാപനങ്ങളുമായി രംഗത്തു വന്നു കഴിഞ്ഞു. മധ്യവേനൽ അവധി ആരംഭിക്കുന്നതോടെ സൈക്കിളിൽ നിന്നും മരങ്ങളിൽ നിന്നും വീണ് ഒട്ടേറെ കുട്ടികൾ ഓർത്തോ വിഭാഗം ഡോക്ടർമാരുടെ അടുത്ത് എത്തുക പതിവു കാഴ്ചയാണ്.
ഇക്കുറി വേനൽ രൂക്ഷമായതോടെ കുട്ടികളെ പുറത്തേക്കു വിടാൻ അമ്മമാർ മടിച്ചു നിൽക്കുന്ന കാഴ്ചയാണ് പലയിടങ്ങളിലും. എന്നാൽ, പഴയകാലത്തെ അപേക്ഷിച്ച് ന്യൂ ജനറേഷൻ കുട്ടികളിൽ കൂടുതലും മൊബൈൽ ഫോണിന്റെയും ടിവിയുടെ കംപ്യൂട്ടറിന്റെയും മുന്നിലാണ് ചെലവഴിക്കുന്നതെന്ന വസ്തുതയും വിസ്മരിക്കാവുന്നതല്ല.
എന്നാൽ, അവധിക്കാലം ആഘോഷമാക്കാൻ ഇറങ്ങിയ കുട്ടികൾ പകൽ കനത്ത ചൂടായതിനാൽ ടൈംടേബിൾ വെച്ചാണ് കളിക്കുത്. രാവിലെ 10.30 വരെയാണ് വെയിലത്തുള്ള കളി. അതുകഴിഞ്ഞാൽ മരച്ചുവട്ടിൽ എല്ലാവരും ഒരുമിച്ചിരുന്ന് ഫോണിൽ ഗെയിം കളിക്കും.
ഉച്ചയാകുന്പോൾ ചോറുണ്ണാൻ പോയി കുറച്ചു നേരം ടിവി കണ്ട് വിശ്രമിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് വീണ്ടും കുട്ടികൾ കളി സ്ഥലത്ത് ഒരുമിച്ച് കൂടും. ഗ്രൗണ്ടിൽ വെയിലാണെങ്കിൽ അവർ ഫോണിലെ ഗെയിംമുമായി ഇരിക്കും. നാലിന് വെയിൽ കുറയുന്പോൾ ബാറ്റും ബോളുമായി അവർ കളിക്കളത്തിലേക്ക് ഇറങ്ങും.