കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്ത് പ്രദേശങ്ങളിൽ അനധികൃത മദ്യ വിൽപ്പന വ്യാപകമാകുന്നതായി പരാതി. മംഗലത്തുനട, നെല്ലാട്, മഴുവന്നൂർ, ഐരാപുരം പ്രദേശങ്ങളിലാണ് അനധികൃത മദ്യവിൽപ്പന തകൃതിയായി നടക്കുന്നതെന്ന് ആക്ഷേപമുയർന്നിട്ടുള്ളത്. പോലീസിന്റെയോ, എക്സൈസിന്റെയോ പരിശോധന നടക്കാത്തതിനാൽ അനധികൃത മദ്യ വിൽപ്പനക്കാർക്ക് സൗകര്യമായിരിക്കുകയാണ്.
ബിവറേജ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പന ശാലകളിൽനിന്നു മദ്യം വാങ്ങി സൂക്ഷിച്ച് ഇരട്ടി വിലയിൽ വിൽപ്പന നടത്തുകയാണ് ഇത്തരക്കാർ. ബിവറേജിൽനിന്നു യഥേഷ്ടം മദ്യം ലഭിക്കുന്നതാണ് ഇത്തരക്കാർക്ക് സൗകര്യമൊരുക്കിക്കൊടുക്കുന്നത്.
കൂടുതൾ മദ്യം വാങ്ങിച്ചു കൊണ്ടുപോകുന്നവരെ കണ്ടെ ത്താൻ നേരത്തേ ബിവറേജിന്റെ പരിസരങ്ങളിൽ പോലീസിന്റെ പരിശോധന ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ വളരെ കുറവാണ്. പലയിടങ്ങളിലും അനധികൃത മദ്യ വിൽപ്പന വ്യാപിച്ചതോടെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തേയും ബാധിച്ചതായും ആക്ഷേപമുയർന്നിട്ടുണ്ട്. എത്രയും വേഗം അനധികൃത മദ്യ വിൽപ്പന തടയുന്നതിനാവശ്യമായ നടപടികൾ പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ കർശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.