കരുനാഗപ്പള്ളി :വ്യാജ നിർമ്മിത വിദേശമദ്യവുമായി സ്ത്രീ കരുനാഗപ്പള്ളി എക്സൈസ് റെയ്ഞ്ച് സംഘത്തിന്റെ പിടിയിലായി. മാവേലിക്കര കറ്റാനം സ്വദേശിനി ശോഭന (41)യാണ് പിടിയിലായത്.ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാജ വിദേശമദ്യ മാഫിയ കരുനാഗപ്പള്ളി റെയ്ഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ വ്യാജ വിദേശമദ്യം നിർമ്മിച്ച് വിതരണം ചെയ്യുന്നതായി രഹസ്യ വിവരം എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എ ജോസ് പ്രതാപിന് ലഭിച്ചിരുന്നു.
തുടർന്ന് ഷാഡോ എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി റെയ്ഞ്ചിന്റെ അതിർത്തി ഭാഗങ്ങളിൽ നടത്തിയ രഹസ്യാന്വേഷണത്തെ തുടർന്ന് വ്യാപകമായ രീതിയിൽ വ്യാജ വിദേശമദ്യം നിർമ്മിച്ച് വിതരണം ചെയ്യുന്നതായി വിവരം ലഭിച്ചു. എക്സൈസിൽ നിന്നും പുറത്താക്കപ്പെട്ട ഒരു ഉദ്യോഗസ്ഥന്റെയും തെങ്ങമം ഭാഗത്തുള്ള നിരവധി അബ്കാരി, സ്പിരിറ്റ് കേസുകളിലെ പ്രതിയുടെയും നേതൃത്വത്തിലാണ് നിർമാണം.
കറ്റാനം, ഞക്കനാൽ, വയനകം ഭാഗങ്ങളിൽ ഇതിന്റെ ഏജന്റായി പ്രവർത്തിക്കുന്ന ബിജുവിനെപ്പറ്റി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽ വ്യാജ വിദേശമദ്യവുമായി വരികയായിരുന്ന ബിജുവിനെയും കൂടെയുണ്ടായിരുന്ന ശോഭനയും പിടികൂടാൻ ശ്രമിച്ചു. ഇതിനിടയിൽ വാഹനവും ശോഭനയേയും ഉപേക്ഷിച്ച് ബിജു കടന്നുകളയുകയായിരുന്നു.
തുടർന്ന് സ്കൂട്ടറിൽ നിന്നും 25 കുപ്പി വ്യാജ വിദേശമദ്യം പിടികൂടി. ഇവർ താമസിക്കുന്ന താമസിക്കുന്ന കറ്റാനത്തെ വാടകവീട്ടിൽ 45 കുപ്പി വ്യാജ വിദേശമദ്യം സൂക്ഷിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് വീട് പരിശോധിച്ചു മദ്യം കണ്ടെടുത്തതായും എക്സൈസ് അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതി ശോഭനയെ റിമാൻഡ് ചെയ്തു. ഒളിവിൽ പോയ ബിജുവിനെയും വ്യാജ വിദേശമദ്യ മാഫിയക്ക് നേതൃത്വം നൽകുന്ന എക്സൈസിൽ നിന്നും പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥനെയും തെങ്ങമം സ്വദേശിയായ നിരവധി അബ്കാരി,സ്പിരിറ്റ് കേസുകളിലെ പ്രതിയെയും ഉടൻ പിടികൂടുമെന്നും എക്സൈസ് അറിയിച്ചു.
എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എ ജോസ്പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രിവന്റീവ് ഓഫീസർ എം സുരേഷ്കുമാർ ഷാഡോ എക്സൈസ് ഉദ്യോഗസ്ഥരായ വിജു, ശ്യാംകുമാർ, സജീവ്കുമാർ, ജിനു തങ്കച്ചൻ എന്നിവരും പങ്കെടുത്തു.