കോട്ടയം: മദ്യപരുടെ ശല്യമെന്നു പറഞ്ഞ് പാതിരാത്രിയിൽ പോലീസിനെ വിളിച്ചുവരുത്തി. വഴിയറിയാതെ കുഴങ്ങിയ പോലീസിന് വഴികാട്ടാനായി മദ്യലഹരിയിൽ വണ്ടിയോടിച്ചെത്തിയത് പോലീസിനെ വിളിച്ചയാൾ. പോലീസിനെ കബളിപ്പിച്ചതിന് അകത്തായ മദ്യപൻ ലഹരി കെട്ടടങ്ങിയപ്പോൾ പറ്റിപ്പോയതാണെന്നു പറഞ്ഞ് പോലീസിന്റെ കാലുപിടിച്ച് ക്ഷമ ചോദിച്ചു. കല്ലറയിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.
കടുത്തുരുത്തി പോലീസിലേക്കാണ് ആദ്യം കോൾ വന്നത്. മദ്യ ലഹരിയിൽ കുറെപ്പേർ അഴിഞ്ഞാടുന്നു എന്നായിരുന്നു സന്ദേശം. പോലീസ് പെട്ടെന്നു വരണമെന്നും ഇല്ലെങ്കിൽ എസ്പി ഓഫീസിൽ വിളിക്കുമെന്നുമായിരുന്നു സന്ദേശം. നൈറ്റ് പട്രോളിംഗ് പോലീസ് അപ്പോൾ തന്നെ കല്ലറയിലേക്ക് പുറപ്പെട്ടു. ഇടവഴിയിലൂടെ സഞ്ചരിച്ച പോലീസിന് സ്ഥലം കണ്ടെത്താനായില്ല.
ഉടനെ വിളിച്ചയാളുടെ മൊബൈലിലേക്ക് പോലീസ് വിളിച്ച് സ്ഥലം എവിടെയെന്ന് അന്വേഷിച്ചു. അപ്പോൾ പോലീസ് എവിടെയാ നിൽക്കുന്നതെന്നും താൻ അങ്ങോട്ടുവരാമെന്നും വിളിച്ചയാൾ പറഞ്ഞു. അൽപം കഴിഞ്ഞപ്പോൾ ഒരു കാർ പാഞ്ഞു വരുന്നതാണ് പോലീസ് കണ്ടത്. കറിൽ നിന്നിറങ്ങി വന്നയാളെ കണ്ട് പോലീസ് ഞെട്ടി.
മദ്യലഹരിയിൽ കാല് നിലത്തുറയ്ക്കാത്തയാളാണ് മദ്യപ ശല്യമെന്നു പറഞ്ഞു വിളിച്ചതെന്ന് അപ്പോഴാണ് മനസിലായത്. അയാളെ അപ്പോൾ തന്നെ കസ്റ്റഡിയിലെടുത്ത് വീട്ടിലെത്തിച്ചു. വീട്ടുകാരോടും അയൽവാസികളോടും അന്വേഷിച്ചെങ്കിലും മദ്യപരെ സമീപത്തെങ്ങും കണ്ടെത്താനായില്ല.
അപ്പോഴാണ് പോലീസിനെ കബളിപ്പിച്ചതാണെന്ന് വ്യക്തമായത്. രാത്രി പോലീസ് കസ്റ്റഡിയിൽ കിടന്ന യുവാവിനെ ഇന്നു രാവിലെയാണ് വിട്ടയച്ചത്. മദ്യപിച്ച് വണ്ടിയോടിച്ചതിന് കേസെടുത്തു.