നെടുമങ്ങാട് : ഓട്ടോറിക്ഷയുടെ രഹസ്യ അറയിൽ മദ്യക്കുപ്പികൾ സൂക്ഷിച്ച് വില്പന നടത്തിവന്ന യുവാവ് ഉൾപ്പടെ അനധികൃത മദ്യകച്ചവടം നടത്തിയ രണ്ടുപേരെ നെടുമങ്ങാട് സർക്കിൾ ഇൻസ്പെക്ടർ പി.എൽ. ഷിബുവും സംഘവും അറസ്റ്റ് ചെയ്തു.
ലോക്സഭാ ഇലക്ഷനു മുന്നോടിയായി തിരുവനന്തപുരം ഐ.ബി യൂണിറ്റ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ മദപുരം നീരോട്ടിൽപൊയ്ക മഹേഷ് ഭവനിൽ എം. മഹേഷ് (34കണ്ണൻ), നൂറേക്കർ അണമുഖത്ത് വീട്ടിൽ സി. ഋഷികേശൻ (35) എന്നിവരാണ് അറസ്റ്റിലായത്. മഹേഷിന്റെ ആട്ടോയിൽ നിന്ന് 44 കുപ്പി മദ്യവും പണവും പിടിച്ചു. ഓട്ടോറിക്ഷയും പിടികൂടി.
മഹേഷിനോടൊപ്പം മദ്യവില്പനയിൽ ഏർപ്പെട്ടിരുന്ന നൂറേക്കർ വാഴവിള പൊയ്കയിൽ വീട്ടിൽ എസ്.സനൽ സിംഗ് (32) ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. ഇയാൾക്കെതിരെ കേസ് എടുത്തു. വീട്ടിൽ വൻതോതിൽ മദ്യം സൂക്ഷിച്ച് വില്പന നടത്തിയ കേസിലാണ് ഋഷികേശനെ അറസ്റ്റ് ചെയ്തത്.
ഇയാളിൽ നിന്ന് 25 കുപ്പി മദ്യം (12.5 ലിറ്റർ) പിടിച്ചെടുത്തു. എക്സൈസ് ഇൻസ്പെക്ടർ ശങ്കർ, പ്രിവന്റീവ് ഓഫീസർമാരായ വി. അനിൽകുമാർ, സാജു, സന്തോഷ് കുമാർ, സി.ഇഓമാരായപ്രശാന്ത്, ബിജു, സജികുമാർ, സജീബ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.