കൊച്ചി: ലഹരിമരുന്നുമായി ‘മാഡ് മാക്സ്’ സംഘം പിടിയിലായ സംഭവത്തിൽ പിന്നില്‍ വന്‍ റാക്കറ്റെന്ന് എക്സൈസ് പ്രത്യേക അന്വേഷണ സംഘം. കൂടുതല്‍ പേര് ഇനിയും കുടുങ്ങുമെന്നാണ് അന്വേഷണ സംഘം നല്കുന്ന സൂചന. ഇവരുടെ മയക്കുമരുന്ന് വിതരണ ശ്യംഖലയിലെ ഏതെങ്കിലും വിതരണക്കാര്‍ പിടിക്കപ്പെട്ടാലും മാഡ് മാക്സിന്റെ കസ്റ്റമര്‍ക്ക് തടസം കൂടാതെ കൃത്യമായി ലഹരിമരുന്ന് എത്തിച്ച് കൊടുക്കുന്നതിന് വേണ്ടിയാണ് ഇടനിലക്കാരുടെ വ്യാപ്തി കൂട്ടിയിരിക്കുന്നത്.
സംഘത്തെ കുടുക്കാനായി സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് (സീസ്) നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ്. യുവതി യുവാക്കളെയാണ് കാസര്‍ഗോഡ് സ്വദേശിയായ മാഡ് മാക്സ് സംഘത്തലവന് ഇടനിലക്കാരാക്കിയിരിക്കുന്നത്. ഇവരില്‍ പലര്‍ക്കും കണ്ണികളിലെ ഒന്നോ രണ്ടോ പേരെ മാത്രമെ അറിയുമായിരുന്നുള്ളൂ.
കേസില്‍ ജില്ലയിലും ജില്ലയ്ക്ക് വെളിയിലുമുള്ള നാല്പതിലേറെ ഇടനിലക്കാര്‍ കണ്ണികളാണെന്ന് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ചീഫ് അസി. കമ്മീഷണര്‍ ടി. അനികുമാര്‍ പറഞ്ഞു.
ഇടനിലക്കാര്‍ക്ക് വന്‍ കമ്മീഷന്
പൗഡര്‍ രൂപത്തിലുള്ള എംഡിഎംഎയ്ക്ക് ഡിമാന്റ് അനുസരിച്ച് ഗ്രാമിന് 3000 രൂപ മുതല്‍ 4000 രൂപ വരെയാണ് ഈടാക്കുന്നത്. എന്നാല്‍ മാസ് മാക്സ് സംഘം ഇത് ഗ്രാമിന് രണ്ടായിരം രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്. തലവന്‍ ഒരു ഗ്രാമിന് 500 രൂപ വച്ച് മയക്കുമരുന്ന് വിതരണം ചെയ്യുന്നവര്‍ക്ക് കമ്മീഷനായി നല്‍കിയിരുന്നു.
കൂടാതെ ഹാഷിഷ് ഓയില്‍ വാറ്റി എടുത്ത ചണ്ടി രൂപത്തിലുള്ള കഞ്ചാവ് കിലോക്ക് 5000 രൂപ നിരക്കില്‍ മൈസൂരില്‍നിന്ന് കൊണ്ടുവന്ന് മുന്തിയ ഇനം മൈസൂര്‍ മാംഗോ ഇനത്തില്‍പ്പെട്ട കഞ്ചാവ് എന്ന് തെറ്റിധരിപ്പിച്ച് 10 ഗ്രാം വച്ചുള്ള ചെറുകവറുകളിലാക്കി ഒരു പൊതിക്ക് 500 രൂപ എന്ന നിരക്കിലും നഗരത്തില്‍ മറിച്ച് വില്‍പ്പന നടത്തിയിരുന്നു. ഇതിലൂടെയും പത്തിരട്ടി ലാഭമാണ് സംഘത്തിന് ലഭിച്ചിരുന്നത്.
പരിചയപ്പെട്ടത് ജയിലില്‍ വച്ച്
കഴിഞ്ഞ ദിവസം പിടിയിലായി കാസര്‍കോഡ് സ്വദേശി സക്കറിയയാണ് എറണാകുളം നഗരത്തിലെ പ്രധാന ലഹരിവിതരണക്കാരന്. ഇതിന് മുമ്പ് ടൗണില്‍ ലഹരി വിതരണം നടത്തിവരവേ ഇയാള്‍ അഞ്ച് ഗ്രാം എംഡിഎംഎയുമായി പിടിയിലായിരുന്നു. ഈ കേസില്‍ ജയിലില്‍ ആയിരുന്ന ഇയാള്‍ കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് ജാമ്യത്തില്‍ ഇറങ്ങിയത്.
സക്കറിയക്ക് ജയിലില്‍വച്ച് കിട്ടിയ പരിചയക്കാരനാണ് അമല്‍ വര്‍ഗീസ്. ഇയാള്‍ ഈയിടെ പീഡന കേസില്‍ ജയില്‍ കഴിഞ്ഞിരുന്നു. സക്കറിയയുമായുള്ള ജയിലിലെ പരിചയം അമലിന് മാഡ് മാക്സ് സംഘത്തില്‍ ചേരുവാനുള്ള പ്രചോദനമായി.തുടര്‍ന്ന് ഇരുവരും വൈറ്റിലക്ക് സമീപം ചക്കരപ്പറമ്പിലെ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ച് മയക്ക്മരുന്ന് കച്ചവടത്തില്‍ സജീവമാകുകയായിരുന്നു.
നിത്യാനന്ദ ഷേണായി എന്ന വ്യാജപ്പേരിലാണ് ഇയാള്‍ ഉപഭോക്താക്കളുടെ ഇടയില്‍ അറിയപ്പെട്ടിരുന്നത്. ഉപഭോതാക്കള്‍ എളുപ്പത്തിനായി ചുരുക്കി ഷേണായി എന്ന പേരാണ് വിളിച്ചിരുന്നത്.കഴിഞ്ഞ ഒരു മാസത്തോളം ഇയാളുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച എക്സൈസ് സംഘം വൈറ്റിലക്ക് സമീപം ചക്കരപ്പറമ്പില്‍ വച്ച് മയക്കുമരുന്നുമായി എത്തിയ ഷേണായിയേയും അമലിനേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
കോര്‍പറേഷന്റെ വേസ്റ്റ് ബോക്സില്‍ ലഹരിമരുന്ന് നിക്ഷേപിച്ച ശേഷം ടാസ്ക് ഓകേ, ഡണ്‍, ഡീല്‍ എന്നീ മേസേജുകള്‍ തലവന്‍ തിരിച്ച് അയക്കുന്നു. തുടര്‍ന്ന് ഇവര്‍ അവരവരുടെ റൂമിലെത്തി ഓഡര്‍ പിടിച്ച് ആവശ്യക്കാര്‍ക്ക് ചെറുകവറുകളിലാക്കി വില്‍പ്പന നടത്തിയ ശേഷം കമ്മീഷന് കിഴിച്ചുള്ള തുക തലവന്‍ നല്കുന്നു. ഇതായിരുന്നു ഇവരുടെ പ്രവര്‍ത്തന രീതി.
കഴിഞ്ഞ കുറച്ച് മാസങ്ങളായി മാഡ് മാക്സ് സംഘത്തെക്കുറിച്ചുള്ള കൃത്യമായ വിവര ശേഖരണം നടത്തിയതും വ്യത്യസ്ത ഇനം മയക്കുമരുന്നുകളുമായി ഇവരെ വളരെ തന്ത്രപൂര്‍വം കസ്റ്റഡിയില്‍ എടുക്കാനുമുള്ള നിര്‍ണായകമായ പങ്കുവഹിച്ചതും സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്മെന്റ് സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ എന്‍.ഡി. ടോമിയും എറണാകുളം ഇന്റലിജന്‍സിലെ പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി. അജിത്ത് കുമാറും ചേര്‍ന്നാണ്.