കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയുടെ ചിത്രം പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളിൽ മതവിരുദ്ധപ്രചാരണം നടത്തുന്നതിനെതിരേ മദനിയുടെ മകൻ സലാഹുദീൻ അയ്യൂബി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശിന് പരാതി നൽകി.
അഷറഫ് മുഹമ്മദ് എന്ന ആൾ ഫ്രീ തിങ്കേഴ്സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ തന്റെ പിതാവിന്റെ ചിത്രം പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ച് മതവിരുദ്ധമായും സാമുദായിക സൗഹൃദം തകർക്കുന്ന രീതിയിലും വിഷം വമിപ്പിക്കുന്ന കുറിപ്പുകൾ കഴിഞ്ഞ ഏതാനും നാളുകളായി പോസ്റ്റു ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ശബരിമല വിഷയം മൂർച്ഛിച്ച് നിൽക്കുന്ന നിലവിലെ സാഹചര്യത്തിൽ അത്യന്തം പ്രകോപനപരമായ ഒരു കുറിപ്പ് പിതാവിന്റെ ചിത്രം ഉപയോഗിച്ച് പ്രചരിപ്പിക്കുന്നതിനെതിരേ ശക്തമായ നിയമനടപടി വേണമെന്നും അയ്യൂബി പരാതിയിൽ ആവശ്യപ്പെട്ടു. തന്റെ പിതാവിന്റെ പൊതു സ്വീകാര്യതയെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതിനു പിന്നിലെന്നും സലാഹുദീൻ അയ്യൂബി ആരോപിച്ചു.