ചെന്നൈ: ലോക്ക്ഡൗണിൽ സ്വദേശങ്ങളിലേക്കു നടന്നുപോകേണ്ടി വരുന്ന അതിഥി തൊഴിലാളികളുടേതു ദയനീയമായ അവസ്ഥയെന്ന് മദ്രാസ് ഹൈക്കോടതി.
തൊഴിലാളികൾക്ക് അവശ്യസേവനങ്ങൾ ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു. വിഷയത്തിൽ കേന്ദ്രസർക്കാരിനോട് കോടതി റിപ്പോർട്ട് തേടി.
കുടിയേറ്റ തൊഴിലാളികൾക്കു ഭക്ഷണം ഉറപ്പാക്കണം. ടോൾഗേറ്റുകളിൽ കൃത്യമായ സംവിധാനം ഒരുക്കണം. സംസ്ഥാന സർക്കാരുകളാണ് ഇക്കാര്യം ഉറപ്പുവരുത്തേണ്ടത്.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം. ഈ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏകോപനം കാര്യക്ഷമമായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. തമിഴ്നാട് സർക്കാർ നടപടികളെയും കോടതി വിമർശിച്ചു.
അതിഥി തൊഴിലാളികൾ കാൽനടയായി സ്വന്തം നാടുകളിലേക്ക് പോകുന്നതു കാണുന്നതു ദുഃഖകരമാണ്. യാത്രയ്ക്കിടെ ചിലർക്ക് ജീവൻ നഷ്ടപ്പെട്ടു.
അതിഥിതൊഴിലാളികളുടെ ദുരിതം കണ്ടവർക്ക് കണ്ണുനീർ നിയന്ത്രിക്കാനാകുന്നില്ല. ഇനിയും എത്ര ജീവനുകൾ പൊലിയണം. സംഭവിക്കുന്നത് മാനുഷിക ദുരന്തമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ പട്ടിക ഹാജരാക്കാനും മദ്രാസ് ഹൈക്കോടതി കേന്ദ്രത്തിന് നിർദേശം നൽകിയിട്ടുണ്ട്.