ലണ്ടൻ: അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മാറഡോണ ചരിത്ര പ്രസിദ്ധമായ ദൈവത്തിന്റെ കൈ ഗോൾ നേടിയപ്പോൾ അണിഞ്ഞിരുന്ന 10-ാം നന്പർ ജഴ്സിക്ക് മതിപ്പുവിലയിട്ട് സ്പോർട്സ് സ്മാരക വിദഗ്ധനായ അമേരിക്കക്കാരൻ ഡേവിഡ് അമെർമാൻ.
രണ്ട് മില്യണ്‍ അമേരിക്കൻ ഡോളർ (14.79 കോടി രൂപ) ആണ് ജഴ്സിക്ക് അമെർമാൻ വിലയിട്ടിരിക്കുന്നത്. 1986 ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനലിലായിരുന്നു മാറഡോണയുടെ ദൈവത്തിന്റെ കൈ ഗോൾ പിറന്നത്.
നൂറ്റാണ്ടിന്റെ ഗോൾ ആയി ഫിഫ തെരഞ്ഞെടുത്ത ഗോളും അതേ മത്സരത്തിൽതന്നെയായിരുന്നു മാറഡോണ സ്വന്തമാക്കിയത്. മാറഡോണയുടെ മികവിൽ 1986 ലോകകപ്പ് അർജന്റീന സ്വന്തമാക്കുകയും ചെയ്തു.
ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിലുള്ള ദേശീയ ഫുട്ബോൾ മ്യൂസിയത്തിലാണ് മാറഡോണ അന്ന് അണിഞ്ഞ ജഴ്സി സൂക്ഷിച്ചിരിക്കുന്നത്. ക്വാർട്ടർ ഫൈനലിനുശേഷം മാറഡോണ ഇംഗ്ലണ്ടിന്റെ സ്റ്റീവ് ഹോഡ്ജിന് കൈമാറിയതാണ് ഈ ജഴ്സി.
അങ്ങനെ ജഴ്സി ഇംഗ്ലണ്ടിലെത്തി. ബാക്ക് പാസിലൂടെ ഗോൾശ്രമം തടയാനുള്ള സ്റ്റീവ് ഹോഡ്ജിന്റെ വിഫലശ്രമമായിരുന്നു ദൈവത്തിന്റെ കൈ ഗോളിൽ കലാശിച്ചത്. ഹോഡ്ജിന്റെ പക്കൽനിന്ന് ലോണിലെടുത്താണ് മ്യൂസിയത്തിൽ ജഴ്സി പ്രദർശിപ്പിച്ചിരിക്കുന്നത്.