കണ്ണൂർ: കായികകേരളത്തിന് മറക്കാനാവാത്ത അനുഭവമായിരുന്നു ഫുട്ബോൾ ഇതിഹാസം മാറഡോണയുടെ കണ്ണൂർ സന്ദർശനം.
ഡിയേഗോ മാറഡോണയുടെ വേർപാടിൽ ലോകം വിതുന്പുന്പോൾ മറക്കാനാകാത്ത ഓർമയുമായി നിൽപ്പുണ്ട് കണ്ണൂരിൽ ഒരാൾ. കണ്ണൂർ എസ്എൻ പാർക്ക് റോഡിലെ ബ്ലൂനൈൽ ഹോട്ടലുടമ വി. രവീന്ദ്രനാണത്.
2012 ഒക്ടോബറിൽ മാറഡോണ കണ്ണൂരിൽ എത്തിയപ്പോൾ ബ്ലൂനൈൽ ഹോട്ടലിലെ 309-ാം നന്പർ മുറിയിലായിരുന്നു താമസിച്ചിരുന്നത്.
ഇന്നും ആ മുറി അതുപോലെ സൂക്ഷിച്ചിട്ടുണ്ട്. മാറഡോണ സ്യൂട്ട് എന്നാണത് അറിയപ്പെടുന്നത്. ഈ മുറി ചരിത്രമ്യൂസിയമാക്കാൻ തയാറെടുക്കുകയാണ് ഹോട്ടലുടമ.
മാറഡോണ കൈയൊപ്പിട്ടു നൽകിയ ഫുട്ബോൾ, അന്ന് അദ്ദേഹം ഉപയോഗിച്ച പ്ലേറ്റ്, സ്പൂൺ, ഗ്ലാസ്, ടവൽ, ജഴ്സി, ഫുട്ബോൾ, തുടങ്ങിയവയെല്ലാം ഈ മുറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
200 ഓളം ഫ്രെയ്മുകളിലായിട്ടാണ് ഇവ ചുമരിൽ തൂക്കിയിരിക്കുന്നത്.
കൂടാതെ ഹോട്ടലിന് മുന്നിലായി മാറഡോണയുടെപ്രതിമയും ചെറിയൊരു കളിക്കളവും നിർമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പലരും ഹോട്ടലിൽ താമസത്തിനെത്തിയാൽ മാറഡോണ ഉപയോഗിച്ച മുറി ആവശ്യപ്പെടാറുണ്ടെന്ന് രവീന്ദ്രൻ രാഷ്ട്രദീപികയോട് പറഞ്ഞു. മാറഡോണയുടെ എക്കാലത്തേയും ഓർമയ്ക്കായി ഹോട്ടലിൽ സ്മാരകം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
60-ാം പിറന്നാളിന്റെ മാധുര്യം മായുംമുമ്പായിരുന്നു മാറഡോണ വിടപറഞ്ഞതെന്ന് പിറന്നാളിൽ കേക്ക് മുറിച്ചതും ആഘോഷിച്ചതും ഓർത്തെടുത്ത് രവീന്ദ്രൻ പറഞ്ഞു.
രോഗം മാറി തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് നിൽക്കുന്പോഴായിരുന്നു അപ്രതീക്ഷ മരണവാർത്തയെത്തിയത്.