തലശേരി: ഫുട്ബോള്‍ ഇതിഹാസത്തിന് സുരക്ഷയൊരുക്കിയ ഓര്‍മയിലാണ് ഡിവൈഎസ്പി കെ.എസ്. ഷാജിയും സിഐ എം.പി ആസാദും. കണ്ണൂരിൽ മാറഡോണയെത്തിയപ്പോൾ റിംഗ് റൗണ്ട് സുരക്ഷയൊരുക്കാനുള്ള ദൗത്യം ലഭിച്ചത് ഈ രണ്ട് ഉദ്യോഗസ്ഥർക്കായിരുന്നു.
ആർത്തിരന്പിയാർക്കുന്ന ഫുട്ബോൾ ആരാധകർക്കു നടുവിൽ മാറഡോണയ്ക്കു സുരക്ഷാമതിൽ തീർത്ത് ഇവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഭംഗിയായി തങ്ങളുടെ കടമ നിറവേറ്റി.
ആരാധകരുടെ അതിരുകടന്ന സ്നേഹപ്രകടനങ്ങള്‍ക്കിടയില്‍ ഒരുദിവസം മുഴുവന്‍ ഫുട്ബോള്‍ ദൈവത്തെ കണ്ണൂരിന്റെ മണ്ണില്‍ സംരക്ഷിക്കാന്‍ കഴിഞ്ഞതിന്റെ മധുരിക്കുന്ന ഓർമകൾ ഇന്നും ഈ ഉദ്യോഗസ്ഥർ അയവിറക്കുന്നു.
അന്ന് പേരാവൂര്‍ സിഐയായിരുന്നു ഷാജി. എം.പി. ആസാദാകട്ടെ കണ്ണൂര്‍ സ്പെഷല്‍ ബ്രാഞ്ച് എസ്ഐയും. സായുധരായ എട്ട് പോലീസുകാരായിരുന്നു ഹെലിപ്പാഡ് മുതല്‍ തിരിച്ചുപോകുന്നതുവരെ മാറഡോണയ്ക്ക് സുരക്ഷയൊരുക്കിയത്.
സ്വകാര്യ ചടങ്ങിനാണ് മാറഡോണ എത്തിയതെങ്കിലും അദ്ദേഹം സര്‍ക്കാര്‍ അതിഥിയായിരുന്നതിനാലാണ് സർക്കാർ ചുമതലയിൽ കനത്ത സുരക്ഷയൊരുക്കിയത്. വടകര ഡിസിആര്‍ബി ഡിവൈഎസ്പിയാണിപ്പോൾ കെ.എസ്. ഷാജി. പയ്യോളി സിഐയാണ് എം.പി. ആസാദ്.