ബോംബാക്രണത്തിനു സാധ്യതയുണ്ടെന്ന് സർക്കാർ മദ്രാസിലെ ജനങ്ങൾക്കു മുന്നറിയിപ്പു നല്കിയിരുന്നു. ബോംബ് വീണാൽ എല്ലായിടത്തും അറിയുന്നതിന് എയർ റെയ്ഡ് സൈറണുകളും സ്ഥാപിച്ചിരുന്നു, ആകാശത്തുനിന്നു വീഴുന്ന ബോംബുകളെ ഭയപ്പെട്ട് മദ്രാസ് ജനത രണ്ടോ മൂന്നോ വർഷങ്ങൾ ചെലവഴിച്ചു. പക്ഷേ വീണില്ല. ഒടുവിൽ ബോംബ് വീണപ്പോൾ ആരുമൊട്ടറിഞ്ഞതുമില്ല.’’ തമിഴ്നാട്ടിലെ പ്രശ്സ്ത നോവലിസ്റ്റും ചരിത്രകാരനുമായ രാമകൃഷ്ണന്റേതാണ് ഈ വെളിപ്പെടുത്തൽ.
“ലോകമഹായുദ്ധവും മദ്രാസും’ എന്ന വിഷയത്തെ ആസ്പദമാക്കി സിപിആർ ഫൗണ്ടേഷൻ നടത്തിയ സെമിനാറിനിടെയാണ് രാമകൃഷ്ണൻ 1943 ഒക്ടോബർ 11ന് മദ്രാസിലെ സെന്റ് ജോർജ് കോട്ടയുടെ അടുത്തു ബോംബ് വീണ സംഭവം വെളിപ്പെടുത്തിയത്. മദ്രാസ് കടുത്ത വെള്ളപ്പൊക്കത്തെ നേരിടുന്ന സമയമായിരുന്നതിനാൽ ജപ്പാൻ ഇവിടെ ബോംബ് ഇട്ടത് അധികമാരും അറിഞ്ഞില്ല. വൈദ്യുതി ഇല്ലാതിരുന്നതിനാൽ വാർത്താവിനിമയ മാധ്യമങ്ങളൊന്നുംതന്നെ പ്രവർത്തിക്കാതിരുന്നതാണ് കാരണം. ആകാശത്തുനിന്നു നോക്കിയിട്ട് ഒരു മെഴുതിരി വെളിച്ചം പോലും മദ്രാസിൽ കാണാതെ ജപ്പാൻസേന അന്പരന്നു. എന്നിട്ടും അവർ ബോംബിട്ടു. ബോംബ് വീണ് മൂന്നു ദിവസത്തിനു ശേഷമാണ് സംഭവം പുറംലോകം അറിഞ്ഞത്. ബോംബാക്രമണത്തിൽ രണ്ടു പേർ മരിച്ചെന്നും ചെറിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടായെന്നും സർക്കാർ പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു- രാമകൃഷ്ണൻ പറഞ്ഞു.