ചെന്നൈ: സര്‍ക്കാരില്‍ നിന്നും സൗജന്യമായി അരിയും മറ്റു സാധനങ്ങളും ലഭിക്കുന്നതു മൂലം ജനങ്ങള്‍ മടിയന്മാരായി മാറിയെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിലേക്കാണ് ഇത് നയിച്ചതെന്നും കോടതി പറഞ്ഞു. പിന്നോക്കവിഭാഗത്തിന് സൗജന്യ അരി വിതരണം ചെയ്യുന്നതിനെ എതിര്‍ക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ക്ക് അരി വിതരണം ചെയ്യരുതെന്നും നിര്‍ദേശിച്ചു. അരിക്കടത്തിന് ഗൂണ്ടാ ആക്ട് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ ഹേബിയസ് കോര്‍പ്പസില്‍ വാദം കേള്‍ക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം.
‘2017-18ല്‍ 2,110 കോടി രൂപയാണ് അരിവിതരണത്തിനായി ചെലവഴിച്ചത്. ഇത്രയും വലിയ തുക സര്‍ക്കാരിന് ചെലവാകുമ്പോള്‍ അത് കൃത്യമായി അര്‍ഹരിലേക്കു തന്നെയാണോ എത്തുന്നത് എന്ന കാര്യം പരിശോധിക്കേണ്ടതാണ്. ജനങ്ങളുടെ പണം പണക്കാരെ കൂടുതല്‍ പണക്കാരാക്കുന്നത് അനീതിയാണ്. ദാരിദ്രരേഖയ്ക്ക് താഴെ ഉളളവര്‍ക്ക് മാത്രമെ സൗജന്യ അരി നല്കാവു. ബിപിഎല്‍ കുടുംബങ്ങളെ തിരിച്ചറിയാന്‍ എന്തെങ്കിലും സര്‍വെ നടത്തിയിട്ടുണ്ടോ എന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണം,’ കോടതി നിര്‍ദേശിച്ചു.അരിയുള്‍പ്പെടെയുള്ള സൗജന്യങ്ങളുടെ ഗുണഭോക്താക്കള്‍ പാവങ്ങള്‍ മാത്രമാണെന്ന് ഉറപ്പുവരുത്താനും ഇത് സംബന്ധിച്ച വ്യക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.